Saturday 24 September 2011

അനാമിക യാചിക്കുന്നു.

അനാമിക യാചിക്കുന്നു.





ശാസ്ത്രമേ   നീ കണ്ടുവോ...
വിരല്‍ത്തുമ്പിലൂടെ  വഴുതിപ്പോയ
എന്റെ ഹൃദയത്തെ ?
        ശാസ്ത്രമേ..നീ തരുമോ...
        വേദനകളുടെ
        ഇരുട്ടിടിച്ചു പരത്തിച്ചുട്ട
        വേവിന്‍വെയില്‍പ്പാടഞൊറിയില്‍
        സാന്ത്വനത്തിന്റെ ഒരുതരി നിലാനീല?    
        പകല്‍ക്കനലുകള്‍ ചവച്ചു തുപ്പിയ
        നോവിന്‍ രാച്ചണ്ടിയില്‍
        ഇളവെയില്‍ താരാട്ടിന്റെ
        ഒരു കുമ്പിള്‍ ലഹരി ? 
വാക്ക് പിളര്‍ന്നു ചീറ്റുന്ന ചോരയില്‍
വക്കു പൊട്ടാത്തൊരു ചിരിച്ചിന്ത് ?
        നിനക്കാവുമോ നില മറന്ന നിറങ്ങളുടെ
        ഭ്രാന്ത വേഗങ്ങളില്‍
        ധവളിമയുടെ
       ഒറ്റ വര കോറിയിടാന്‍            
   ശ്രുതിഭംഗങ്ങളുടെ
  ഇഴച്ചാമ്പലില്‍
  ലയസാന്ദ്രതയുടെ
  ആര്‍ദ്ര നീലിമ പടര്‍ത്താന്‍ ?
തെറ്റിക്കവിളിന്‍ തീക്ഷ്ണഗരിമയില്‍
തുമ്പച്ചിരിവെണ്മയുടെ
മേഘപ്പട്ടു നീര്‍ത്താന്‍ ? 
  സ്നേഹത്തിന്‍റെകണക്കുപുസ്തകത്തില്‍
  പരന്നുമങ്ങിയ മഞ്ഞച്ചിരികളെ
  തേച്ചു കൂര്‍പ്പിക്കാന്‍?
മുഖവിലയ്ക്ക് വിറ്റ്‌ പോവാത്ത
എന്‍റെ പാവം സ്വപ്നങ്ങളെ
പാതിക്കിഴിവില്‍
കടമായിട്ടെങ്കിലും വിറ്റുതീര്‍ക്കാന്‍?
 നീ തിരയുമോ ....
തന്‍ വിത്ത്  താനെയുണ്ണുന്ന
കാല നാഗങ്ങള്‍ക്ക്
അച്ഛനെന്നല്ലാതെ മറ്റൊരു പേര്
            നിനക്കളക്കാമോ.......
            വറുതി ക്കനല്‍ കെടാതെ പെരുകിയ
             മുക്കല്ലടുപ്പില്‍                                                        
             പശി വേവ്നോക്കിനോക്കി                                              
             വെള്ളമത്രയുംവറ്റിയ മണ്‍കലമായ്‌
             ഉരുകിയൊലിക്കുന്നോരമ്മയുടെ
             ദ്രവണാങ്കം................?
       നീയൊരുക്കുമോ........
       ദൂരെ ദൂരെ വെള്ളം കാട്ടി
       ദൂരമത്രയുമോടിക്കും ദൈവത്തെ
       ഒറ്റവിരല്‍ചുറ്റളവില്‍
       തൊട്ടടയാളപ്പെടുത്താന്‍
       നിറംമങ്ങാത്ത ചായക്കൂട്ട്‌....?
            നീ കണ്ടെത്തുമോ.........
            സുപ്താവസ്ഥയില്‍
            അണലിയായമര്‍ന്ന്
            ഉണരുംതോറും ചുരുളഴിഞ്ഞ് 
            പഞ്ഞിക്കെട്ടില്‍ തലതിരുകിയ
            ഒറ്റത്തീപ്പൊരിപോലെ
            കാറ്റുതാളത്തില്‍ ഉറഞ്ഞാടി
            പാഴിലഞരമ്പുകളില്‍ആവേശിച്ച് 
            മൂര്‍ഖനായ്‌ പറന്നു കൊത്തുന്ന
            മുടിഞ്ഞ വിശപ്പിനൊരു മറുകൃതി ?................. 
    നിനക്കു ബാക്കിവയ്ക്കാനാവുമോ
    പകലറുതിക്കരിയോലയില്‍
    പണിക്കുറ്റംതീര്‍ന്നോരക്ഷരം ..........
     ചോക്കുപൊട്ടായുരഞ്ഞ്
     ഒടുങ്ങുന്നവള്‍ക്ക്
     അന്ത്യോദകമായെങ്കിലും ........?
           നീ വച്ചു നീട്ടുമോ.........
          
         തലച്ചോറിന്‍റെ കനകാനുപാതം തെറ്റിപ്പോയ
         മതിഭ്രമങ്ങളുടെ ബ്ലൂമിങ്ങില്‍
         കടലുമാകാശവുമാല്‍ത്തറയുംകൈവിട്ട
         കറുത്ത മീനുകളുടെ
         ബോണ്‍സായിക്കിനാക്കളിലേക്ക് ,
         ചിരി മിസൈലുകളില്‍
         അധിനിവേശവാണിഭമുനകൂര്‍പ്പിക്കുന്ന
         ഭീമ ഹോമോ ഹബിലിസുകള്‍ക്കുമുന്നില്‍
         കുറുകി മുരടിച്ച ആസ്ത്രലോപിത്തെക്കസുകള്‍ക്ക്
          അതിജീവനത്തിന്‍റെ ഒറ്റ ഹോര്‍മോണ്‍? ...............     .... മുളപ്പിക്കാനാവുമോ ...........  
തൂവല്‍മിനുപ്പുള്ള
അസ്ത്രവാലില്‍
മണ്ണുമണക്കു മീരിലയും
തളിര്‍നാമ്പും....?
ത്രികാലഗര്‍ഭധാരിയായോരന്തകാന്തക വിത്ത് ....?
         ശാസ്ത്രമേ നീ പതിച്ചുതരുമോ...........
         അനന്ത സമാന്തര പാളങ്ങളിലെ
         രോദനപ്പെരുക്കങ്ങളുടെ
         ദുരിതഭാണ്ഡങ്ങളില്‍
         രൌദ്ര നഖര മൂര്‍ച്ചയായി
         ലിംഗഭൂതങ്ങള്‍  കുടമുടച്ചുമേയുന്ന
         പെണ്‍വഴികളിലെയിരുളാഴങ്ങളില്‍
         സര്‍വം സംഹരിക്കാനൊരു  കണ്ണ്.......
              ഒരൊറ്റക്കണ്ണ്‍......      
              ഒരൊന്നാം കണ്ണ്............!


[സംസ്ഥാനതല പുരസ്കാരം  നേടിത്തന്ന  കവിത]

ചിത്രം ഗൂഗിളില്‍ നിന്ന്