Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, 2 March 2012

രണ്ട് എന്‍ഡോസള്‍ഫാന്‍ കവിതകള്‍

രണ്ട് എന്‍ഡോസള്‍ഫാന്‍  കവിതകള്‍

എന്തോ .......സള്‍ഫാന്‍ ?


സൈനബാ...................,
നീ മരിച്ചു ജീവിച്ചതും
ജീവനില്ലാതെ മരിച്ചതും
ഞങ്ങള്‍ക്കറിയില്ല ....!
നീ അധിനിവേശത്തിന്‍റെ
രക്തസാക്ഷിയല്ല ...!
ഞങ്ങള്‍ ഇരന്നുവാങ്ങിയ
അടിമത്തത്തിന്റെ
അഗ്നിരേഖയുമല്ല...!
ഞങ്ങള്‍ സമ്മതിക്കില്ല....
 ഇരവും പകലും
തിരിച്ചറിയാതെ
മൂകവേദനയില്‍
നീ ഉരുകിയൊലിച്ചത്
ഞങ്ങളുടെ കുറ്റമല്ല......

ഒരാകാശത്തുമ്പിയും
നിനക്കുമേല്‍ ഇരുട്ട്
വര്‍ഷിച്ചിട്ടില്ല ...
ഒരു രാജപീഠവും
നിനക്കുനീതി  നിഷേധിച്ചിട്ടില്ല.....!

നിനക്കു തരാനാവുമോ
എന്തെങ്കിലും തെളിവ്,
ഞങ്ങള്‍ നിനക്കിരുട്ടു
വിളമ്പിയെന്നു ബോദ്ധ്യപ്പെടുത്താന്‍ ?

 ഇന്നലെ രാത്രിയായിരുന്നു
എന്നതിന്
പകലിന്‍റെകയ്യില്‍
എന്തുണ്ട് തെളിവ് ?..........
-----------------------------------------------
---------------------------------------------------

ഇരയുടെ പാട്ട്

എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിച്ചു .കണ്ണടച്ച് ഇരുട്ടാക്കി ദുരന്തം വിതച്ച് ലാഭം കൊയ്തവര്‍ക്ക് മുന്നില്‍ ഇരകള്‍ ഇപ്പോഴും ബാക്കി .....................
    വേട്ടയാടപ്പെട്ടവര്‍ ഞങ്ങള്‍
കാട്ടുനീതിക്കടിപ്പെട്ടു പോയോര്‍
നോക്കുകുത്തിയായ്‌ കാലഭേദങ്ങള്‍
കെട്ടകാലക്കണക്ക് കുറിക്കവേ
മരണവേദം മനപ്പാഠമാക്കി
നരകവേദനയ്ക്കുപ്പു നോക്കിയോര്‍ ...
തിരികെ നടക്കുവാനില്ല പാദങ്ങള്‍
കടലെടുത്തു പോയിടവഴികളും .....

കൊടിയകുന്നിന്‍ വ്രണിതശാഖിയില്‍
കുരലറുത്തിട്ട കിളി വീണു പിടയുന്നു
 ഇറ്റ്‌ ചോരയ്ക്കുമേല്‍ രണഭേരി പൊങ്ങുന്നു
ഉറ്റുനോക്കുന്ന മിഴികളോ കത്തുന്നു ...
വിചിത്രരൂപികള്‍ ഞങ്ങളുഴറുന്നു
ഒച്ചയുറഞ്ഞുപരുത്ത തൊണ്ടകള്‍
ചത്തവിളികളില്‍ വെന്തു നീറുന്നു..
കാറ്റ്കേറിക്കുതിച്ചുവീര്‍പ്പിച്ച
പെരുംതലകളില്‍ നോവുനുരകുത്തുന്നു
പ്രജ്ഞയറ്റ കരചരണങ്ങളില്‍
പൊറുക്കാവ്രണങ്ങള്‍ പുഴുക്കൂട്‌ കെട്ടുന്നു
കുലവേരും ചീയുന്ന കെട്ടഗന്ധത്തില്‍
മുടിനാരുപോലും മൂക്ക് പൊത്തുന്നു.......!  
              കാകോളമിറ്റിയകുടിനീരിനുള്ളി-
              ലൊരുമീനുപോലും തുടിക്കാതെയായി
              തേനിറ്റിയ മലകളുടെ മധുരശൃംഗങ്ങളില്‍
              പൂക്കാലമെല്ലാം ശിലാബിംബമായി
              അരുമയായമ്മചുണ്ടിലിറ്റിച്ചു കരുതി-
               യോമനിച്ചോരുകിളിക്കുഞ്ഞിന്‍
               പിളര്‍ന്ന ചുണ്ടിലൂടകലുന്നു പ്രാണന്‍
               മുലപ്പാലിലും വിഷപ്പല്ലു തീണ്ടേ......!                                                                                                                       
                ചത്തപൈതലിന്‍ചോരപ്പുളപ്പില്‍
                 കംസനിപ്പോഴുമായുസ്സു കൂട്ടുന്നു......!
കരിമേഘജാലം കടുംതുടി കൊട്ടും
കരാള രാവിന്‍  ചുഴിച്ചാലുകളില്‍
ഉഷ്ണകുംഭം തിളച്ചു തൂവുന്ന
തീപ്പകലിന്‍ കൊടും കാളിമയില്‍
ചോരതുപ്പിക്കതിരവന്‍ മുങ്ങി -
പ്പിടഞ്ഞ്  ഒടുങ്ങുന്ന സായന്തനങ്ങളില്‍
ഉദയം വറ്റിയ വന്ധ്യ പ്രഭാതങ്ങളില്‍
ധര്‍മമധര്‍മത്തിന്‍ ചവിട്ടടിയേറ്റു
  വിളക്കുകെട്ട ദുരന്തപര്‍വങ്ങളില്‍
ചിതലെടുത്ത പഴയ ഗാണ്‍ഡീവമനാഥ മാകുന്നു
അശ്വത്ഥാമാ പിന്നെയും ചിരിക്കുന്നു.!
നിണച്ചെണ്ടകളിലിരുതലവാളുകള്‍
കാതടപ്പിച്ചു പാണ്ടിമേളം മുഴക്കെ
വേട്ടക്കാരനിരയെത്തിന്നുന്ന
യുദ്ധകാണ്ഡത്തിന്നാഴച്ചുഴികളില്‍
വിലാപങ്ങള്‍ കരതല്ലിയാര്‍ക്കുന്ന
നിരാലംബ പഞ്ചനദങ്ങളില്‍
കറുപ്പു പിന്നെയും കറുത്തുകല്ലിച്ച
നോവിന്‍റെ മണ്‍കുടീരങ്ങളിലുയരുന്നു
നിലയ്ക്കാതമ്മക്കരച്ചിലുകള്‍.........
ഒടുക്കമറ്റൊരമ്മക്കരച്ചിലുകള്‍
താഴിട്ട കാതിന്‍ വാതിലില്‍  തട്ടി
ത്തട്ടി മറുവിളി കിട്ടാതെയുഴറെ
ഇരുള്‍വിത്തു പാകി പകനീരുവീഴ്ത്തി-
പ്പടുമുളയ്ക്കായ്  നിങ്ങള്‍ പതിയിരിക്കുന്നു ......
     ഇരുളുമൂടിയ ലോകത്തു നിന്നു
     വ്യഥിതര്‍ ഞങ്ങള്‍ പരിതപിക്കുമ്പോള്‍
     അറിയില്ല നിങ്ങളാഡംബരഭ്രമ 
            വിഭ്രമങ്ങളില്‍അടി തെറ്റി വീണോര്‍.......
 ശപിക്കാതിരിക്കാം ഇനിവരും ജന്മ
 ത്തിലിവിടെ നിങ്ങള്‍  ജനിക്കാതിരിക്കാന്‍
ശപിക്കാതിരിക്കാംഇനിവരും ജന്മത്തില്‍
ഞാങ്ങളായ്‌ നിങ്ങള്‍ പിറക്കാതിരിക്കാന്‍...........


     

Saturday, 24 September 2011

അനാമിക യാചിക്കുന്നു.

അനാമിക യാചിക്കുന്നു.





ശാസ്ത്രമേ   നീ കണ്ടുവോ...
വിരല്‍ത്തുമ്പിലൂടെ  വഴുതിപ്പോയ
എന്റെ ഹൃദയത്തെ ?
        ശാസ്ത്രമേ..നീ തരുമോ...
        വേദനകളുടെ
        ഇരുട്ടിടിച്ചു പരത്തിച്ചുട്ട
        വേവിന്‍വെയില്‍പ്പാടഞൊറിയില്‍
        സാന്ത്വനത്തിന്റെ ഒരുതരി നിലാനീല?    
        പകല്‍ക്കനലുകള്‍ ചവച്ചു തുപ്പിയ
        നോവിന്‍ രാച്ചണ്ടിയില്‍
        ഇളവെയില്‍ താരാട്ടിന്റെ
        ഒരു കുമ്പിള്‍ ലഹരി ? 
വാക്ക് പിളര്‍ന്നു ചീറ്റുന്ന ചോരയില്‍
വക്കു പൊട്ടാത്തൊരു ചിരിച്ചിന്ത് ?
        നിനക്കാവുമോ നില മറന്ന നിറങ്ങളുടെ
        ഭ്രാന്ത വേഗങ്ങളില്‍
        ധവളിമയുടെ
       ഒറ്റ വര കോറിയിടാന്‍            
   ശ്രുതിഭംഗങ്ങളുടെ
  ഇഴച്ചാമ്പലില്‍
  ലയസാന്ദ്രതയുടെ
  ആര്‍ദ്ര നീലിമ പടര്‍ത്താന്‍ ?
തെറ്റിക്കവിളിന്‍ തീക്ഷ്ണഗരിമയില്‍
തുമ്പച്ചിരിവെണ്മയുടെ
മേഘപ്പട്ടു നീര്‍ത്താന്‍ ? 
  സ്നേഹത്തിന്‍റെകണക്കുപുസ്തകത്തില്‍
  പരന്നുമങ്ങിയ മഞ്ഞച്ചിരികളെ
  തേച്ചു കൂര്‍പ്പിക്കാന്‍?
മുഖവിലയ്ക്ക് വിറ്റ്‌ പോവാത്ത
എന്‍റെ പാവം സ്വപ്നങ്ങളെ
പാതിക്കിഴിവില്‍
കടമായിട്ടെങ്കിലും വിറ്റുതീര്‍ക്കാന്‍?
 നീ തിരയുമോ ....
തന്‍ വിത്ത്  താനെയുണ്ണുന്ന
കാല നാഗങ്ങള്‍ക്ക്
അച്ഛനെന്നല്ലാതെ മറ്റൊരു പേര്
            നിനക്കളക്കാമോ.......
            വറുതി ക്കനല്‍ കെടാതെ പെരുകിയ
             മുക്കല്ലടുപ്പില്‍                                                        
             പശി വേവ്നോക്കിനോക്കി                                              
             വെള്ളമത്രയുംവറ്റിയ മണ്‍കലമായ്‌
             ഉരുകിയൊലിക്കുന്നോരമ്മയുടെ
             ദ്രവണാങ്കം................?
       നീയൊരുക്കുമോ........
       ദൂരെ ദൂരെ വെള്ളം കാട്ടി
       ദൂരമത്രയുമോടിക്കും ദൈവത്തെ
       ഒറ്റവിരല്‍ചുറ്റളവില്‍
       തൊട്ടടയാളപ്പെടുത്താന്‍
       നിറംമങ്ങാത്ത ചായക്കൂട്ട്‌....?
            നീ കണ്ടെത്തുമോ.........
            സുപ്താവസ്ഥയില്‍
            അണലിയായമര്‍ന്ന്
            ഉണരുംതോറും ചുരുളഴിഞ്ഞ് 
            പഞ്ഞിക്കെട്ടില്‍ തലതിരുകിയ
            ഒറ്റത്തീപ്പൊരിപോലെ
            കാറ്റുതാളത്തില്‍ ഉറഞ്ഞാടി
            പാഴിലഞരമ്പുകളില്‍ആവേശിച്ച് 
            മൂര്‍ഖനായ്‌ പറന്നു കൊത്തുന്ന
            മുടിഞ്ഞ വിശപ്പിനൊരു മറുകൃതി ?................. 
    നിനക്കു ബാക്കിവയ്ക്കാനാവുമോ
    പകലറുതിക്കരിയോലയില്‍
    പണിക്കുറ്റംതീര്‍ന്നോരക്ഷരം ..........
     ചോക്കുപൊട്ടായുരഞ്ഞ്
     ഒടുങ്ങുന്നവള്‍ക്ക്
     അന്ത്യോദകമായെങ്കിലും ........?
           നീ വച്ചു നീട്ടുമോ.........
          
         തലച്ചോറിന്‍റെ കനകാനുപാതം തെറ്റിപ്പോയ
         മതിഭ്രമങ്ങളുടെ ബ്ലൂമിങ്ങില്‍
         കടലുമാകാശവുമാല്‍ത്തറയുംകൈവിട്ട
         കറുത്ത മീനുകളുടെ
         ബോണ്‍സായിക്കിനാക്കളിലേക്ക് ,
         ചിരി മിസൈലുകളില്‍
         അധിനിവേശവാണിഭമുനകൂര്‍പ്പിക്കുന്ന
         ഭീമ ഹോമോ ഹബിലിസുകള്‍ക്കുമുന്നില്‍
         കുറുകി മുരടിച്ച ആസ്ത്രലോപിത്തെക്കസുകള്‍ക്ക്
          അതിജീവനത്തിന്‍റെ ഒറ്റ ഹോര്‍മോണ്‍? ...............     .... മുളപ്പിക്കാനാവുമോ ...........  
തൂവല്‍മിനുപ്പുള്ള
അസ്ത്രവാലില്‍
മണ്ണുമണക്കു മീരിലയും
തളിര്‍നാമ്പും....?
ത്രികാലഗര്‍ഭധാരിയായോരന്തകാന്തക വിത്ത് ....?
         ശാസ്ത്രമേ നീ പതിച്ചുതരുമോ...........
         അനന്ത സമാന്തര പാളങ്ങളിലെ
         രോദനപ്പെരുക്കങ്ങളുടെ
         ദുരിതഭാണ്ഡങ്ങളില്‍
         രൌദ്ര നഖര മൂര്‍ച്ചയായി
         ലിംഗഭൂതങ്ങള്‍  കുടമുടച്ചുമേയുന്ന
         പെണ്‍വഴികളിലെയിരുളാഴങ്ങളില്‍
         സര്‍വം സംഹരിക്കാനൊരു  കണ്ണ്.......
              ഒരൊറ്റക്കണ്ണ്‍......      
              ഒരൊന്നാം കണ്ണ്............!


[സംസ്ഥാനതല പുരസ്കാരം  നേടിത്തന്ന  കവിത]

ചിത്രം ഗൂഗിളില്‍ നിന്ന്

Monday, 22 August 2011

ആഗ്നേയം



ആഗ്നേയം

യുദ്ധം  ഒരു 
സമാധാനമാണ് ....
രക്തം രുചിച്ച്
അപ്പം തിന്നുന്നവന് !

ഉരുകിയൊടുങ്ങിയവന്‍റെ
ഒറ്റ നിലവിളി 
സംഗീതമാണ് ...,
കണ്ണീരുപ്പിന് 
കരം ചുമത്തുന്നവന്...!

വറ്റിയമാറില്‍  തപ്പിത്തപ്പി 
കരച്ചില്‍ നിലച്ച കുഞ്ഞിക്കവിളില്‍ 
മുഖം ചായ്ച്ചു 
വിതുമ്പുന്നൊരമ്മക്കിളിയുടെ
വിലാപത്തോറ്റം
തരാട്ടാണ് ....,
മുലപ്പാലിന്റെ  പാട്ടക്കരാറുകാരന് ,,,,!
   
സഡാക്കോ  ഒരു  വ്യഥയല്ല 
വീരശൃംഘലയാണ്....,
കപാലചെപ്പുകളില്‍ 
വീഞ്ഞ് പകരുന്നവര്‍ക്ക് ....!            
 യുദ്ധം ഒരു സമാധാനമാണ് 
രക്തം രുചിച്ച് 
അപ്പം തിന്നുന്നവന് .....!




ചിത്രം ഗൂഗിളില്‍നിന്നും

Saturday, 2 July 2011

പുത്യമ്മേം പുത്യച്ഛനും

പുത്യമ്മേം പുത്യച്ഛനും  

പണ്ട്
വറുതിക്കനല്‍  
കെടാതെ  പെരുകിയ
മുക്കല്ലടുപ്പില്‍
പശിയുടെ
വേവ്നോക്കിനോക്കിയായിരുന്നു
ഈ മങ്കലങ്ങളിലെ
വെള്ളമത്രയും
വറ്റിപ്പോയിരുന്നത് .............
ഇന്ന്....?
കിനാവ്‌  വിരിയുന്ന
മകളുടെ കണ്ണിലും
കവിള്‍ത്തുടുപ്പിലും
 വിറ്റുവരവിന്റെ
കണക്കെഴുതി യെഴുതി..............!!!

പുതിയ പര്യായം
തീറ്റ തേടിപ്പോയ  അമ്മക്കിളി
മടങ്ങി വരാത്ത രാവ്......
കുഞ്ഞിപ്പൈങ്കിളിയുടെ
പേക്കിനാക്കളില്‍
ഒരു കറുത്ത പാമ്പ്
ഇഴഞ്ഞുകൊന്ടെയിരുന്നു !.......
പിറ്റേന്ന് ---------
ശബ്ദതാരാവലിയില്‍
എത്ര തിരഞ്ഞിട്ടും
അച്ഛന്
അങ്ങനെയൊരു
പര്യായം
അവള്‍ കണ്ടതേയില്ല ..........!

കരയുന്നകുഞ്ഞുങ്ങളോട്


ഇരുട്ട് തിന്നുന്ന
കുരുട്ടു കണ്ണുകള്‍
തുറപ്പിക്കാനെന്തിനമിട്ടു
പൊട്ടിപ്പൂ??????????/?

കരയിക്കുന്നവരോട്


കുട്ട്യോളങ്ങനെ
കരഞ്ഞോണ്ടിരിക്കും.....
പാല് .....വേണ്ടാട്ടോ ......
കൊടുക്കേ  ചെയ്യരുത് ..........

Thursday, 2 June 2011

മുതലകള്‍ക്കു വേണ്ടി

മുതലകള്‍ക്കു വേണ്ടി


കാറ്റേ നീ മൃദുവായി തഴുകരുത്
                                                  മരച്ചില്ലകളെ,പൂവുകളെ.........
ചുഴറ്റി എറിയുക വേണമെങ്കില്‍
വേട്ടയാടപ്പെട്ട ചിറകുകളാല്‍.........

പാതി തുറന്ന ജാലകച്ചില്ലുകളില്‍
തട്ടരുത് വെറുതെ.......
ജാലകക്കാഴ്ച്ചകളുടെ പാതി മരണം,
വിങ്ങലുകള്‍ വെളിപ്പെടുത്തുന്ന
പങ്കകളുടെ മുരള്‍ച്ച,
ആറ്റങ്ങളുടെ കല്ലറകളിലെ 
 ശവംനാറി പൂക്കളുടെ കടുത്ത വര്‍ണ്ണം,
പാലപ്പുവിന്‍ മദഗന്ധം നുകരാത്ത
സീരിയല്‍യക്ഷികള്‍,
തൊടി നനയ്ക്കാന്‍ കണ്ണീരു തേടുന്ന
കഴുകന്റെ ചിരി,
പതിനൊന്നാം ഗ്രഹത്തിലും
കിട്ടാതെ പോവുന്ന കുപ്പിവെള്ളം...
ഒക്കെ നിന്നെ പേടിപ്പിച്ചാലോ?
സ്വപ്നങ്ങളുടെ ചിലമ്പൊലിക്കു കാതോര്‍ത്തു
നീയുറങ്ങരുത് ശാന്തമായി....
പ്ലാസ്റ്റിക് പൂക്കൂടയിലെ
നരച്ച ചിരിച്ചന്തങ്ങള്‍
നാവുവിറ്റവന്റെ അറുത്ത തലകളെ തേടുന്നു;
കാത്തു വയ്ക്കുക കാല്‍ച്ചോട്ടിലെ നിഴലിനെ;
തീ പൊഴിയും നട്ടുച്ചകളില്‍ നിനക്കാരുണ്ട് വേറെ?

ഒപ്പംചിരിച്ചാര്‍ത്തവരുടെ
പുതിയ ചിറകിന്‍ താളം നിന്നെ കരയിക്കരുത്
തിരികെ വരുമ്പോള്‍ അവര്‍ കൈ വീശുമെന്ന് കരുതരുത്
എല്ലാ സങ്കടങ്ങള്‍ക്കുമൊടുവില്‍
ആത്മഹത്യ ചെയ്യാന്‍ മറക്കരുത്...........
അല്ലെങ്കില്‍ എന്തുചെയ്യും മുതലകള്‍?!...................................

Thursday, 26 May 2011

വൈകിയിട്ടില്ല

വൈകിയിട്ടില്ല 

വെളുത്ത ദൈവം
കറുത്ത കടലാസിൽ
വരച്ചുവലിച്ചെറിഞ്ഞ
ഒരു വലിയ നീലവര
കടല്‍!
 അധിനിവേശത്തിന്റെ 
ആദ്യ പാഠം..........!
 കറുത്ത ദൈവം
കീറത്തുണിയില്‍
നെടുവീര്‍പ്പിന്റെ
തൂവല്‍ കൊണ്ട്
വരച്ച കുന്നിക്കുരു
കര.....
 തിരയെപ്പേടിച്ചു
വെയില്‍പ്പാളങ്ങളിലൂടെ
ഓടിയോടി
മങ്ങിക്കെട്ട നിറക്കോലം....
 
ഒന്ന് തിരിഞ്ഞു നിന്നൂടേ
ഇനിയെങ്കിലും?.......

ഇലക്ഷൻ, ചുവർചിത്രം,പ്രസക്തി

ഇലക്ഷൻ
ഇരകൾ സ്വയം
  വേട്ടക്കാരനെ
തെരഞ്ഞെടുക്കും
ശുഭമുഹൂർത്തം!

ചുവർചിത്രം
ആത്മപ്രശംസയ്ക്കു പരിഹാരം
ആത്മഹത്യയെന്നയാപ്തവാക്യം
ആത്മഹത്യക്കൊരുങ്ങുന്നു
ചുവരിലെയാണിക്കൊമ്പിൽ!

പ്രസക്തി
കണ്ണീരിനു കാരിരുമ്പിൻറെ
ശക്തി
അതു
പുരുഷൻന്റെ
കണ്ണിൽനിന്നുതിരുമ്പൊഴാണ്.......!

Saturday, 2 April 2011

മറന്നേക്കാവുന്നത്

മറന്നേക്കാവുന്നത്
എല്ലാ ഓണങ്ങൾക്കും
ഓർത്തെടുക്കനുണ്ട്
ഒരു ചവിട്ടിത്താഴ്ത്തലിൻ
 പഴയ കഥ!

കാട്           
വെട്ടി വെട്ടി
ചുട്ടാലെന്താ
മനസ്സിലില്ലേ
വേണ്ടോളം?