Sunday, 8 December 2013

കവിത


പാടുന്നവരോട്



പുഴ തീരത്തിന്‍റെ മൌനങ്ങളിലേക്ക്
നെയ്തിടുന്ന ഈണങ്ങളെക്കുറിച്ച്
ഇനി എങ്ങനെ പാടാനാവും
എനിക്കും നിങ്ങള്‍ക്കും ...?



കൈതോല വക്കില്‍ത്തട്ടി
തിണര്‍ത്ത കവിള്‍ത്തടംകാട്ടി
ചിണുങ്ങുന്ന കാറ്റിനെപ്പറ്റി
ചേര്‍ത്തുപിടിക്കാന്‍ മറന്നചില്ലയോട്
കൊഴിയുന്ന ഇലയുടെ പരിഭവത്തെപ്പറ്റി
കരിമേഘം പെറ്റിടുന്ന
വെളുത്ത മഴക്കുഞ്ഞുങ്ങളെപ്പറ്റി
കാലത്തെ കാലില്‍ തളച്ച്
നിത്യ യൌവ്വനത്തിന്‍റെ
വരസിദ്ധിയില്‍
പുളച്ചു മദിക്കുന്ന
മണ്ണിന്‍റെ
ഹരിത സ്വപ്നങ്ങളെപ്പറ്റി
ഇനിയെങ്ങനെപാടും
ഞാനും നിങ്ങളും ?




തിരിത്തുമ്പിലെ തീക്കുരുന്നിന്‍ ചിരിയാല്‍
ഇരുള്‍പ്പുക മായിച്ച
പഴയൊരന്തിയെക്കുറിച്ച്
കല്ലടുപ്പിലെച്ചൂടിലെത്ര വെന്തിട്ടും
കല്ലായിപ്പോവാത്തൊരമ്മയെക്കുറിച്ച്
കരളിലമ്പേറ്റ്
പതറി വീഴുമ്പോഴും
കനിവുമറയാത്ത
മാനിന്‍റെ മിഴികളെക്കുറിച്ച്.......................
ഇനിയെന്തു പാടും
ഞാനും നിങ്ങളും?



ഇനി നമുക്ക് പാടാന്‍ കഴിയുക
ചിതലരിക്കാന്‍ മടിക്കുന്ന
സിംഹാസനങ്ങളെക്കുറിച്ചാവും
വേട്ടകളുടെ ചരിത്രങ്ങള്‍
രേഖപ്പെടുത്തിയ
ലിപികളുടെ മുരള്‍ച്ച യെ ക്കുറിച്ചാവും


അല്ലെങ്കില്‍ ..............


നമ്മിലേക്ക്‌ മരിച്ചു വീഴുന്ന
നമ്മെക്കുറിച്ച് മാത്രമാവും

മരണം മൌനത്തിലേക്കെന്നപോലെ
മൌനം ശ്മശാനത്തിലെക്കെന്നപോലെ
നമ്മിലേക്ക്‌ മരിക്കുന്ന
നമ്മെക്കുറിച്ച്......!


=============================
[ പുഴ മഴയിലേക്കെന്നപോലെ
ഒരുനാള്‍ ഉയിര്‍ത്തെണീക്കുംവരെ]

20 comments:

  1. പാടുവതെങ്ങനെ നാം!

    ReplyDelete
    Replies
    1. ശരിയാണ്...........എല്ലാം പാഴ്ശ്രുതികള്‍

      Delete
  2. "ഇനിയെന്തു പാടും
    ഞാനും നിങ്ങളും?..."

    ReplyDelete
    Replies
    1. എല്ലാ പാട്ടുകളിലും ശ്രുതിഭംഗം,മുബി

      Delete
  3. മനോഹരമാണു.അർത്ഥവത്തായ വരികൾ.

    ReplyDelete
  4. beautiful....kooduthal parayanam ennundu..
    veendum varaam....

    ReplyDelete
  5. പുഴ തീരത്തിന്‍റെ മൌനങ്ങളിലേക്ക്
    നെയ്തിടുന്ന ഈണങ്ങളെക്കുറിച്ച്
    ഇനി എങ്ങനെ പാടാനാവും
    എനിക്കും നിങ്ങള്‍ക്കും ?

    സത്യമാണ്,മായുന്ന പച്ചപ്പ്‌,ഇല്ലാതാകുന്ന പുഴ......

    ReplyDelete
  6. കവികളെല്ലാം ഇങ്ങനെ നിരാശപ്പെട്ടാലോ ?

    ReplyDelete
    Replies
    1. നിരാശ അല്ല, ആശങ്ക ..............

      Delete
  7. കോലം മാറുന്ന കാലം!!
    നല്ല കവിത
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...


    ReplyDelete
  8. ചിന്തിക്കേണ്ട വിഷയം .....മറ്റൊരു മനോഹര കവിതകൂടി ....

    ReplyDelete
  9. എല്ലാ വരികളും ഇഷ്ടം.....

    "തിരിത്തുമ്പിലെ തീക്കുരുന്നിന്‍ ചിരിയാല്‍
    ഇരുള്‍പ്പുക മായിച്ച
    പഴയൊരന്തിയെക്കുറിച്ച്
    കല്ലടുപ്പിലെച്ചൂടിലെത്ര വെന്തിട്ടും
    കല്ലായിപ്പോവാത്തൊരമ്മയെക്കുറിച്ച്
    കരളിലമ്പേറ്റ്
    പതറി വീഴുമ്പോഴും
    കനിവുമറയാത്ത
    മാനിന്‍റെ മിഴികളെക്കുറിച്ച്................"

    ഈ വരികളോട് പ്രത്യേക ഇഷ്ടം... അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. സന്തോഷമുണ്ട് ...ഒരുപാട്

      Delete