Friday, 6 December 2013

കവിത --------------പാടുന്നവരോട്

പാടുന്നവരോട്
------------------------



പുഴ തീരത്തിന്‍റെ മൌനങ്ങളിലേക്ക്
നെയ്തിടുന്ന ഈണങ്ങളെക്കുറിച്ച്
ഇനി എങ്ങനെ പാടാനാവും
എനിക്കും നിങ്ങള്‍ക്കും ...?



കൈതോല വക്കില്‍ത്തട്ടി
തിണര്‍ത്ത കവിള്‍ത്തടംകാട്ടി
ചിണുങ്ങുന്ന കാറ്റിനെപ്പറ്റി
ചേര്‍ത്തുപിടിക്കാന്‍ മറന്നചില്ലയോട്
കൊഴിയുന്ന ഇലയുടെ പരിഭവത്തെപ്പറ്റി
കരിമേഘം പെറ്റിടുന്ന
വെളുത്ത മഴക്കുഞ്ഞുങ്ങളെപ്പറ്റി
കാലത്തെ കാലില്‍ തളച്ച്
നിത്യ യൌവ്വനത്തിന്‍റെ
വരസിദ്ധിയില്‍
പുളച്ചു മദിക്കുന്ന
മണ്ണിന്‍റെ
ഹരിത സ്വപ്നങ്ങളെപ്പറ്റി
ഇനിയെങ്ങനെപാടും
ഞാനും നിങ്ങളും ?




തിരിത്തുമ്പിലെ തീക്കുരുന്നിന്‍ ചിരിയാല്‍
ഇരുള്‍പ്പുക മായിച്ച
പഴയൊരന്തിയെക്കുറിച്ച്
കല്ലടുപ്പിലെച്ചൂടിലെത്ര വെന്തിട്ടും
കല്ലായിപ്പോവാത്തൊരമ്മയെക്കുറിച്ച്
കരളിലമ്പേറ്റ്
പതറി വീഴുമ്പോഴും
കനിവുമറയാത്ത
മാനിന്‍റെ മിഴികളെക്കുറിച്ച്.......................
ഇനിയെന്തു പാടും
ഞാനും നിങ്ങളും?



ഇനി നമുക്ക് പാടാന്‍ കഴിയുക
ചിതലരിക്കാന്‍ മടിക്കുന്ന
സിംഹാസനങ്ങളെക്കുറിച്ചാവും
വേട്ടകളുടെ ചരിത്രങ്ങള്‍
രേഖപ്പെടുത്തിയ
ലിപികളുടെ മുരള്‍ച്ച യെ ക്കുറിച്ചാവും


അല്ലെങ്കില്‍ ..............


നമ്മിലേക്ക്‌ മരിച്ചു വീഴുന്ന
നമ്മെക്കുറിച്ച് മാത്രമാവും

മരണം മൌനത്തിലേക്കെന്നപോലെ
മൌനം ശ്മശാനത്തിലെക്കെന്നപോലെ
നമ്മിലേക്ക്‌ മരിക്കുന്ന
നമ്മെക്കുറിച്ച്......!

               [പുഴ മഴയിലേക്കെന്നപോലെ
                  ഉണര്‍ന്നെണീയ്ക്കും വരെ...!] 


=============================

Thursday, 26 September 2013

കവിത-- വിളയാനൊരു കാലം ...കൊയ്യാനും..!

വിളയാനൊരു കാലം...,കൊയ്യാനും
---------------------------------------
വിളയാതെ കൊയ്യണമെന്നും
മൂക്കാതെ പഴുക്കണമെന്നും
പഴുക്കും മുന്‍പ്
കാര്‍ന്നു കാര്‍ന്ന്
തീര്‍ത്തുകളയണമെന്നും
ഈ കാലന്‍കാക്കകള്‍ക്കെന്താ
ഇത്ര വാശി ?

ഉപ്പിലിട്ട് നീരുവറ്റിച്ച്
തൊട്ടുകൂട്ടി
സ്വാദു നുണയാന്‍
കല്‍ഭരണിയില്‍
കാത്തുവച്ച്
തിന്നു തീര്‍ത്തതും
കൊന്നുതീര്‍ത്തതും
പോരെന്നോ?

അറവുമാടുകളുടെ
അലങ്കാരചിഹ്നങ്ങള്‍പോലെ
എത്രയുണ്ട് പറിച്ചു നിറച്ചത്
വായടച്ച വട്ടികളില്‍?

തലയുംതലച്ചോറുംനരച്ച്
കാതും കണ്ണും മരിച്ച്
ആത്മാവെരിഞ്ഞുപോയ
വിറകുകൊള്ളികള്‍
എന്തിനാണിങ്ങനെ
വാലറ്റത്ത് തീപിടിച്ചപോലെ.....?

വിളഞ്ഞാല്‍.....?
പഴുത്താല്‍...?
നിറമൊന്നു മാറിയാല്‍?
പച്ച മഞ്ഞയും
മഞ്ഞ ചോപ്പുമായാല്‍......?
ആര്‍ക്കാ ഇത്ര ചേതം...?

'' ചേതമുണ്ട്......''
വിളഞ്ഞവിത്തുകള്‍
മുളച്ചുപൊന്തില്ലേ
ചേറില്‍
ചീയാനിട്ടാലും................?????[picture from google]

Saturday, 7 September 2013

സോളാര്‍സിസ്റ്റം

സോളാര്‍സിസ്റ്റം
സൌരയൂഥങ്ങള്‍  തകരുന്നുവോ ?

------------------------
സൌരയൂഥത്തിന്റെ ആംഗലേയം
'സോളാര്‍സിസ്റ്റം' ആണെന്ന്
പഠിപ്പിച്ചതും വിവരിച്ചതും
ഫാത്തിമാ മാതായിലെ
ട്രീസാ സിസ്റ്റര്‍ ആയിരുന്നു.

യൂഥത്തിലെ മുഖ്യന്‍ സൂര്യഭഗവാനെന്നും
ചുറ്റും ആകര്‍ഷണവലയത്തില്‍പ്പെട്ട്
സ്വയം പ്രകാശമില്ലാത്ത ഗ്രഹങ്ങളും
അഹംബോധമറ്റ ഉപഗ്രഹങ്ങളും
ചുമ്മാതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമെന്നും
അന്നാണറിഞ്ഞത്.............!

ബുധന് തിളനില കൂടുതലെന്നും
ശുക്രന് ദശമാറ്റമുണ്ടെന്നും
ചൊവ്വാ ദുര്‍വാസാവിനെപ്പോലെ
സദാ ശാപം പൊഴിക്കുമെന്നും
വ്യാഴം ആളിത്തിരി ഭീമനെങ്കിലും
ആളൊരു ശാന്തനെന്നും
ശനി കണ്ടകനായി കൊണ്ടേപോകുമെന്നും
ഭൂമി നിശബ്ദം നിരുപാധികം
സര്‍വം കൊള്ളേണ്ടവളെന്നും
യുറാനസും നെപ്ട്യൂണും
കിട്ടുന്നതുണ്ട് പുതച്ചുമൂടി
ഉറങ്ങിക്കൊള്ളുമെന്നും
പ്ലൂട്ടോ പുറത്താക്കപ്പെടേണ്ടവനെന്നും
കേള്‍ക്കാന്‍
ഒരു നാടോടിക്കഥയുടെ
രസമായിരുന്നു.........
പ്രദക്ഷിണപഥത്തിലെ
ചെറിയൊരു പിഴവുമതി
പ്രപഞ്ചം വിനാശത്തിലേക്ക്
കൂപ്പു കുത്താനെന്നും
അങ്ങനെ വരാതിരിക്കാന്‍
എല്ലാവരുംഎന്നും
പ്രാര്‍ഥിക്കണമെന്നുംകൂടി
പഠിപ്പിച്ചു തന്നു ടീച്ചര്‍..........
പക്ഷേ
സൂര്യന് ചൊവ്വാദോഷവും
ശനിയുടെ
അപഹാരവും
വരുമെന്ന്
എന്തേ
ടീച്ചര്‍ അന്ന് പറഞ്ഞില്ല?...............
[ചിത്രം     ഗൂഗിള്‍ തന്നത്]

Thursday, 5 September 2013

സഹയാത്രികര്‍ക്ക് സ്നേഹപൂര്‍വം

കുറെക്കാലമായി  ഞാന്‍  ഈ വഴി   വന്നിട്ട്.  കഴിവുള്ള പ്രതിഭയുള്ള    ഒരുപാട്   ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ ഇങ്ങനെയൊരാള്‍ എന്തിനെന്നു തോന്നിപ്പോയി........... കിട്ടുന്ന ഇത്തിരിസമയം കൊണ്ട് എത്തിപ്പെടാന്‍ ആവാത്ത    അത്ര ബ്ലോഗുകള്‍.നല്ല നല്ല രചനകള്‍.........!ഒന്നും വേണ്ട രീതിയില്‍ വായിക്കാനോ  അഭിപ്രായം എഴുതാനോ കഴിയാത്ത പക്ഷം  ഞാന്‍ ഒരു  നല്ല ബ്ലോഗ്ഗര്‍ സുഹൃത്ത്  ആവുന്നത്  എങ്ങനെ? വെറുതെ ഒരു പോസ്റ്റ്‌ ഇട്ടു  മുങ്ങിയാല്‍  എന്നോട്  എല്ലാവര്‍ക്കും ദേഷ്യം വരില്ലേ?  അതുകൊണ്ട്  മാസങ്ങളായി പോസ്റ്റും ഇടാറില്ല. ...........!ഇനി ഒന്ന് സജീവം ആകണം എന്ന്   ആഗ്രഹം ഉണ്ട്. അതിന്   ആദ്യം കുറെ ആളുകളെ വായിക്കാനാണ്      തീരുമാനം............എല്ലാ സഹൃദയരായ  ബ്ലോഗര്‍മാര്‍ക്കും        എന്‍റെ        ആശംസകള്‍.!

Saturday, 12 January 2013

ഉപദേശം
----------------
പെണ്ണേ  നീയറിയണം
ഓടുന്ന  വാഹനങ്ങള്‍
യാത്രയ്ക്കു  മാത്രമുള്ളതല്ലെന്ന്!
        പാതപ്പരപ്പുകളുടെയനന്തത
         വീട്ടി ലേക്കല്ല  നിന്നെ നടത്തുന്നതെന്ന് ..............
          ഇടവഴികള്‍ നിന്നുടല്‍ വടിവിന്‍
          അളവെടുക്കുമെന്ന് .......
           നാല്‍ക്കവലകള്‍
            കണ്ണട്ടകളെ തൊടുത്തെറിയുമെന്ന്....
             വലിച്ചാല്‍ പൊട്ടും
            നൂല്‍ നിരകളാ ണ്
            നിന്നുടലാവരണങ്ങളെന്ന്......
             അക്ഷരങ്ങളുടെ
              അഗ്നി ശുദ്ധി
             നിന്‍റെ മാനത്തിനുള്ള
            ലോഹാവരണമല്ലെന്ന് ..............!
അതുകൊണ്ട്
അതുകൊണ്ട്
നീ  'ഇന്ത്യ ' വിട്ടു
'ഭാരത'ത്തിലേക്ക്
പോവുക .................!
           അല്ലെങ്കില്‍
            മൂടുപടമണിഞ്ഞു
            കല്ച്ചുമരുകള്‍ക്കുള്ളില്‍
                   മറഞ്ഞിരിക്കുക...................!
            അടുപ്പുകല്ലായി
            എരിയുക
             അലക്കുകല്ലായി
              വിഴുപ്പുണ്ണുക.......................
              നനഞ്ഞ മണ്ണായി
              വിത്തുചാലാവുക ......................
                 അതുമതി നിനക്ക് ,
                 അത്ര മതി .....................!
[അരങ്ങത്ത് വിളങ്ങുന്ന  സ്ത്രീകളെ  വീണ്ടും വീടുകളുടെ  ഇരുണ്ട  അകത്തളങ്ങളിലേക്ക്  പറഞ്ഞയക്കാന്‍  വെമ്പുന്ന  ചില പ്രസ്ഥാനങ്ങളുടെയും ചില  വ്യക്തികളുടെയും  പത്രപ്രസ്താവനകള്‍ക്കെതിരെ    ഈ കവിത ]

ചിത്രം  ഗൂഗിളില്‍ നിന്നും

Friday, 2 March 2012

രണ്ട് എന്‍ഡോസള്‍ഫാന്‍ കവിതകള്‍

രണ്ട് എന്‍ഡോസള്‍ഫാന്‍  കവിതകള്‍

എന്തോ .......സള്‍ഫാന്‍ ?


സൈനബാ...................,
നീ മരിച്ചു ജീവിച്ചതും
ജീവനില്ലാതെ മരിച്ചതും
ഞങ്ങള്‍ക്കറിയില്ല ....!
നീ അധിനിവേശത്തിന്‍റെ
രക്തസാക്ഷിയല്ല ...!
ഞങ്ങള്‍ ഇരന്നുവാങ്ങിയ
അടിമത്തത്തിന്റെ
അഗ്നിരേഖയുമല്ല...!
ഞങ്ങള്‍ സമ്മതിക്കില്ല....
 ഇരവും പകലും
തിരിച്ചറിയാതെ
മൂകവേദനയില്‍
നീ ഉരുകിയൊലിച്ചത്
ഞങ്ങളുടെ കുറ്റമല്ല......

ഒരാകാശത്തുമ്പിയും
നിനക്കുമേല്‍ ഇരുട്ട്
വര്‍ഷിച്ചിട്ടില്ല ...
ഒരു രാജപീഠവും
നിനക്കുനീതി  നിഷേധിച്ചിട്ടില്ല.....!

നിനക്കു തരാനാവുമോ
എന്തെങ്കിലും തെളിവ്,
ഞങ്ങള്‍ നിനക്കിരുട്ടു
വിളമ്പിയെന്നു ബോദ്ധ്യപ്പെടുത്താന്‍ ?

 ഇന്നലെ രാത്രിയായിരുന്നു
എന്നതിന്
പകലിന്‍റെകയ്യില്‍
എന്തുണ്ട് തെളിവ് ?..........
-----------------------------------------------
---------------------------------------------------

ഇരയുടെ പാട്ട്

എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിച്ചു .കണ്ണടച്ച് ഇരുട്ടാക്കി ദുരന്തം വിതച്ച് ലാഭം കൊയ്തവര്‍ക്ക് മുന്നില്‍ ഇരകള്‍ ഇപ്പോഴും ബാക്കി .....................
    വേട്ടയാടപ്പെട്ടവര്‍ ഞങ്ങള്‍
കാട്ടുനീതിക്കടിപ്പെട്ടു പോയോര്‍
നോക്കുകുത്തിയായ്‌ കാലഭേദങ്ങള്‍
കെട്ടകാലക്കണക്ക് കുറിക്കവേ
മരണവേദം മനപ്പാഠമാക്കി
നരകവേദനയ്ക്കുപ്പു നോക്കിയോര്‍ ...
തിരികെ നടക്കുവാനില്ല പാദങ്ങള്‍
കടലെടുത്തു പോയിടവഴികളും .....

കൊടിയകുന്നിന്‍ വ്രണിതശാഖിയില്‍
കുരലറുത്തിട്ട കിളി വീണു പിടയുന്നു
 ഇറ്റ്‌ ചോരയ്ക്കുമേല്‍ രണഭേരി പൊങ്ങുന്നു
ഉറ്റുനോക്കുന്ന മിഴികളോ കത്തുന്നു ...
വിചിത്രരൂപികള്‍ ഞങ്ങളുഴറുന്നു
ഒച്ചയുറഞ്ഞുപരുത്ത തൊണ്ടകള്‍
ചത്തവിളികളില്‍ വെന്തു നീറുന്നു..
കാറ്റ്കേറിക്കുതിച്ചുവീര്‍പ്പിച്ച
പെരുംതലകളില്‍ നോവുനുരകുത്തുന്നു
പ്രജ്ഞയറ്റ കരചരണങ്ങളില്‍
പൊറുക്കാവ്രണങ്ങള്‍ പുഴുക്കൂട്‌ കെട്ടുന്നു
കുലവേരും ചീയുന്ന കെട്ടഗന്ധത്തില്‍
മുടിനാരുപോലും മൂക്ക് പൊത്തുന്നു.......!  
              കാകോളമിറ്റിയകുടിനീരിനുള്ളി-
              ലൊരുമീനുപോലും തുടിക്കാതെയായി
              തേനിറ്റിയ മലകളുടെ മധുരശൃംഗങ്ങളില്‍
              പൂക്കാലമെല്ലാം ശിലാബിംബമായി
              അരുമയായമ്മചുണ്ടിലിറ്റിച്ചു കരുതി-
               യോമനിച്ചോരുകിളിക്കുഞ്ഞിന്‍
               പിളര്‍ന്ന ചുണ്ടിലൂടകലുന്നു പ്രാണന്‍
               മുലപ്പാലിലും വിഷപ്പല്ലു തീണ്ടേ......!                                                                                                                       
                ചത്തപൈതലിന്‍ചോരപ്പുളപ്പില്‍
                 കംസനിപ്പോഴുമായുസ്സു കൂട്ടുന്നു......!
കരിമേഘജാലം കടുംതുടി കൊട്ടും
കരാള രാവിന്‍  ചുഴിച്ചാലുകളില്‍
ഉഷ്ണകുംഭം തിളച്ചു തൂവുന്ന
തീപ്പകലിന്‍ കൊടും കാളിമയില്‍
ചോരതുപ്പിക്കതിരവന്‍ മുങ്ങി -
പ്പിടഞ്ഞ്  ഒടുങ്ങുന്ന സായന്തനങ്ങളില്‍
ഉദയം വറ്റിയ വന്ധ്യ പ്രഭാതങ്ങളില്‍
ധര്‍മമധര്‍മത്തിന്‍ ചവിട്ടടിയേറ്റു
  വിളക്കുകെട്ട ദുരന്തപര്‍വങ്ങളില്‍
ചിതലെടുത്ത പഴയ ഗാണ്‍ഡീവമനാഥ മാകുന്നു
അശ്വത്ഥാമാ പിന്നെയും ചിരിക്കുന്നു.!
നിണച്ചെണ്ടകളിലിരുതലവാളുകള്‍
കാതടപ്പിച്ചു പാണ്ടിമേളം മുഴക്കെ
വേട്ടക്കാരനിരയെത്തിന്നുന്ന
യുദ്ധകാണ്ഡത്തിന്നാഴച്ചുഴികളില്‍
വിലാപങ്ങള്‍ കരതല്ലിയാര്‍ക്കുന്ന
നിരാലംബ പഞ്ചനദങ്ങളില്‍
കറുപ്പു പിന്നെയും കറുത്തുകല്ലിച്ച
നോവിന്‍റെ മണ്‍കുടീരങ്ങളിലുയരുന്നു
നിലയ്ക്കാതമ്മക്കരച്ചിലുകള്‍.........
ഒടുക്കമറ്റൊരമ്മക്കരച്ചിലുകള്‍
താഴിട്ട കാതിന്‍ വാതിലില്‍  തട്ടി
ത്തട്ടി മറുവിളി കിട്ടാതെയുഴറെ
ഇരുള്‍വിത്തു പാകി പകനീരുവീഴ്ത്തി-
പ്പടുമുളയ്ക്കായ്  നിങ്ങള്‍ പതിയിരിക്കുന്നു ......
     ഇരുളുമൂടിയ ലോകത്തു നിന്നു
     വ്യഥിതര്‍ ഞങ്ങള്‍ പരിതപിക്കുമ്പോള്‍
     അറിയില്ല നിങ്ങളാഡംബരഭ്രമ 
            വിഭ്രമങ്ങളില്‍അടി തെറ്റി വീണോര്‍.......
 ശപിക്കാതിരിക്കാം ഇനിവരും ജന്മ
 ത്തിലിവിടെ നിങ്ങള്‍  ജനിക്കാതിരിക്കാന്‍
ശപിക്കാതിരിക്കാംഇനിവരും ജന്മത്തില്‍
ഞാങ്ങളായ്‌ നിങ്ങള്‍ പിറക്കാതിരിക്കാന്‍...........


     

Saturday, 24 September 2011

അനാമിക യാചിക്കുന്നു.

അനാമിക യാചിക്കുന്നു.





ശാസ്ത്രമേ   നീ കണ്ടുവോ...
വിരല്‍ത്തുമ്പിലൂടെ  വഴുതിപ്പോയ
എന്റെ ഹൃദയത്തെ ?
        ശാസ്ത്രമേ..നീ തരുമോ...
        വേദനകളുടെ
        ഇരുട്ടിടിച്ചു പരത്തിച്ചുട്ട
        വേവിന്‍വെയില്‍പ്പാടഞൊറിയില്‍
        സാന്ത്വനത്തിന്റെ ഒരുതരി നിലാനീല?    
        പകല്‍ക്കനലുകള്‍ ചവച്ചു തുപ്പിയ
        നോവിന്‍ രാച്ചണ്ടിയില്‍
        ഇളവെയില്‍ താരാട്ടിന്റെ
        ഒരു കുമ്പിള്‍ ലഹരി ? 
വാക്ക് പിളര്‍ന്നു ചീറ്റുന്ന ചോരയില്‍
വക്കു പൊട്ടാത്തൊരു ചിരിച്ചിന്ത് ?
        നിനക്കാവുമോ നില മറന്ന നിറങ്ങളുടെ
        ഭ്രാന്ത വേഗങ്ങളില്‍
        ധവളിമയുടെ
       ഒറ്റ വര കോറിയിടാന്‍            
   ശ്രുതിഭംഗങ്ങളുടെ
  ഇഴച്ചാമ്പലില്‍
  ലയസാന്ദ്രതയുടെ
  ആര്‍ദ്ര നീലിമ പടര്‍ത്താന്‍ ?
തെറ്റിക്കവിളിന്‍ തീക്ഷ്ണഗരിമയില്‍
തുമ്പച്ചിരിവെണ്മയുടെ
മേഘപ്പട്ടു നീര്‍ത്താന്‍ ? 
  സ്നേഹത്തിന്‍റെകണക്കുപുസ്തകത്തില്‍
  പരന്നുമങ്ങിയ മഞ്ഞച്ചിരികളെ
  തേച്ചു കൂര്‍പ്പിക്കാന്‍?
മുഖവിലയ്ക്ക് വിറ്റ്‌ പോവാത്ത
എന്‍റെ പാവം സ്വപ്നങ്ങളെ
പാതിക്കിഴിവില്‍
കടമായിട്ടെങ്കിലും വിറ്റുതീര്‍ക്കാന്‍?
 നീ തിരയുമോ ....
തന്‍ വിത്ത്  താനെയുണ്ണുന്ന
കാല നാഗങ്ങള്‍ക്ക്
അച്ഛനെന്നല്ലാതെ മറ്റൊരു പേര്
            നിനക്കളക്കാമോ.......
            വറുതി ക്കനല്‍ കെടാതെ പെരുകിയ
             മുക്കല്ലടുപ്പില്‍                                                        
             പശി വേവ്നോക്കിനോക്കി                                              
             വെള്ളമത്രയുംവറ്റിയ മണ്‍കലമായ്‌
             ഉരുകിയൊലിക്കുന്നോരമ്മയുടെ
             ദ്രവണാങ്കം................?
       നീയൊരുക്കുമോ........
       ദൂരെ ദൂരെ വെള്ളം കാട്ടി
       ദൂരമത്രയുമോടിക്കും ദൈവത്തെ
       ഒറ്റവിരല്‍ചുറ്റളവില്‍
       തൊട്ടടയാളപ്പെടുത്താന്‍
       നിറംമങ്ങാത്ത ചായക്കൂട്ട്‌....?
            നീ കണ്ടെത്തുമോ.........
            സുപ്താവസ്ഥയില്‍
            അണലിയായമര്‍ന്ന്
            ഉണരുംതോറും ചുരുളഴിഞ്ഞ് 
            പഞ്ഞിക്കെട്ടില്‍ തലതിരുകിയ
            ഒറ്റത്തീപ്പൊരിപോലെ
            കാറ്റുതാളത്തില്‍ ഉറഞ്ഞാടി
            പാഴിലഞരമ്പുകളില്‍ആവേശിച്ച് 
            മൂര്‍ഖനായ്‌ പറന്നു കൊത്തുന്ന
            മുടിഞ്ഞ വിശപ്പിനൊരു മറുകൃതി ?................. 
    നിനക്കു ബാക്കിവയ്ക്കാനാവുമോ
    പകലറുതിക്കരിയോലയില്‍
    പണിക്കുറ്റംതീര്‍ന്നോരക്ഷരം ..........
     ചോക്കുപൊട്ടായുരഞ്ഞ്
     ഒടുങ്ങുന്നവള്‍ക്ക്
     അന്ത്യോദകമായെങ്കിലും ........?
           നീ വച്ചു നീട്ടുമോ.........
          
         തലച്ചോറിന്‍റെ കനകാനുപാതം തെറ്റിപ്പോയ
         മതിഭ്രമങ്ങളുടെ ബ്ലൂമിങ്ങില്‍
         കടലുമാകാശവുമാല്‍ത്തറയുംകൈവിട്ട
         കറുത്ത മീനുകളുടെ
         ബോണ്‍സായിക്കിനാക്കളിലേക്ക് ,
         ചിരി മിസൈലുകളില്‍
         അധിനിവേശവാണിഭമുനകൂര്‍പ്പിക്കുന്ന
         ഭീമ ഹോമോ ഹബിലിസുകള്‍ക്കുമുന്നില്‍
         കുറുകി മുരടിച്ച ആസ്ത്രലോപിത്തെക്കസുകള്‍ക്ക്
          അതിജീവനത്തിന്‍റെ ഒറ്റ ഹോര്‍മോണ്‍? ...............     .... മുളപ്പിക്കാനാവുമോ ...........  
തൂവല്‍മിനുപ്പുള്ള
അസ്ത്രവാലില്‍
മണ്ണുമണക്കു മീരിലയും
തളിര്‍നാമ്പും....?
ത്രികാലഗര്‍ഭധാരിയായോരന്തകാന്തക വിത്ത് ....?
         ശാസ്ത്രമേ നീ പതിച്ചുതരുമോ...........
         അനന്ത സമാന്തര പാളങ്ങളിലെ
         രോദനപ്പെരുക്കങ്ങളുടെ
         ദുരിതഭാണ്ഡങ്ങളില്‍
         രൌദ്ര നഖര മൂര്‍ച്ചയായി
         ലിംഗഭൂതങ്ങള്‍  കുടമുടച്ചുമേയുന്ന
         പെണ്‍വഴികളിലെയിരുളാഴങ്ങളില്‍
         സര്‍വം സംഹരിക്കാനൊരു  കണ്ണ്.......
              ഒരൊറ്റക്കണ്ണ്‍......      
              ഒരൊന്നാം കണ്ണ്............!


[സംസ്ഥാനതല പുരസ്കാരം  നേടിത്തന്ന  കവിത]

ചിത്രം ഗൂഗിളില്‍ നിന്ന്