Saturday, 8 November 2014

കവിത....വ്യാമോഹം

വ്യാമോഹം
----------------------

മഷിപ്പച്ചകൊണ്ട് മായിച്ചുകളയണം
കുന്നുകൂടിയ വര്‍ഷങ്ങളെ
നിലാവുകൊണ്ട്തുന്നിയ
കുഞ്ഞുടുപ്പിന്റെ
പഞ്ഞിച്ചിറകില്‍
പതുങ്ങിച്ചെന്നിരിയ്ക്കണം
ആരുമാരുമറിയാതെ....
.കളിത്തോണിതുഴഞ്ഞ .
ചോണനുറുമ്പുകളോട്
മുറ്റത്ത്
കടല്‍നെയ്യാന്‍ കൊതിച്ച
മഴനൂലുകളെക്കുറിച്ച്
വെറുതേ ചിലത് ചോദിച്ചറിയണം....
പീലിത്തുണ്ടുകള്‍ക്ക്
ഈറ്റുമുറിയൊരുക്കിയ
പുസ്തകക്കുട്ടികളെ
വരിക്കുനിര്‍ത്തി
ചോദ്യംചെയ്യണം.....
ഈണമൊക്കാതെപോയ
വരികളെ
ഈറക്കുഴലുകളുടെ
തടവുകാരാക്കണം....
പാതിവഴിയിലുപേക്ഷിച്ച
ചിലങ്കക്കിലുക്കത്തോട്‌
കാല്‍ തൊട്ടു
മാപ്പുപറയണം....
പാതിയെത്തിയ
മുത്തശ്ശിക്കഥയ്ക്കുമേല്‍
പാട്ടുപോലെവന്നുമൂടുന്ന
കുഞ്ഞുറക്കത്തെ
കൂട്ടിനുവിളിക്കണം
സ്നേഹത്തിന്‍റെ
നാനാര്‍ത്ഥങ്ങളില്‍
നോവെന്നുകൂടി
പറഞ്ഞു തരാന്‍ മടിച്ച
നിഘണ്ടുവിനോട്
നന്ദി പറയണം....
എത്രയടുക്കിവച്ചാലും
ഇളകിയിളകിവീഴുന്ന
താളുകളുള്ള
പുസ്തകമാണ്
ജീവിതമെന്ന്.....
തുഴഞ്ഞുതളരുമ്പോള്‍
കൈവിട്ടുകളയുന്ന
ആള്‍ക്കൂട്ടമാണ്
കുടുംബമെന്ന്....
ഒന്നുറക്കെ
വിളിച്ചുകൂവണം
പഴയപുഴയോരത്തെ
ഇനിയുംബാക്കിയായ
വെള്ളാരംകല്ലുകളോട്.....!!!

Tuesday, 9 September 2014

നിര്‍വചനം
------------------------
ഉച്ചത്തിലുള്ള
രണ്ട് നിലവിളികള്‍ക്കിടയില്‍
നിശബ്ദമുറയുന്ന
ഒരൊറ്റക്കണ്ണീര്‍ത്തുള്ളിയെയാണോ
ജീവിതമെന്ന് വിളിക്കുന്നത്?????

Saturday, 8 March 2014

മുറിവുകള്‍
----------------
നാം എത്ര അശ്രദ്ധരാണ് ,മറ്റുള്ളവരെ പരിഗണിക്കുന്ന കാര്യത്തില്‍.....!നമ്മുടെ ചെറിയ മറവികള്‍ ,അവഗണനകള്‍,പറയാന്‍ മടിക്കുന്ന വാക്കുകള്‍ ,പങ്കിടാന്‍ മറന്ന ചിരി ഒക്കെയും മറ്റുള്ളവരുടെ മനസ്സിനെ എത്രമേല്‍ മുറിപ്പെടുത്തിക്കളയുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?....ഉണ്ടാവില്ല.... അത് ആരുടേയും കുഴപ്പമല്ല....നാം ചെയ്യുന്ന നന്മകളെ മാത്രമേ സ്വന്തം കണക്കുപുസ്തകത്തില്‍ നമ്മുടെ മനസ്സ് എഴുതിച്ചേര്‍ക്കാറുള്ളു...പറ്റിപ്പോയ അബദ്ധങ്ങളെ , ചെയ്തു വച്ച തെറ്റുകളെ ഒക്കെയും ബോധമണ്ഡലത്തിന്‍റെ അഗാധതകളിലേക്ക് നാടുകടത്തി നമ്മില്‍ സ്വാസ്ഥ്യം നിറയ്ക്കാന്‍ മനസ്സ് ശ്രമിച്ചുകൊണ്ടേയിരിക്കും..............എങ്കിലും അറിയുക അകാരണമായി മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് നമുക്ക് ഒന്നുമില്ല നേടാന്‍...............നഷ്ടപ്പെടാന്‍ വിലപ്പെട്ടത്‌ പലതും ഉണ്ടായിരിക്കുകയും ചെയ്യും.........!

മുഷിഞ്ഞ
ഹൃദയം കൊണ്ട്
കത്തുന്ന
നാവുകൊണ്ട്
വിറയ്ക്കാത്ത
കൈകള്‍ കൊണ്ട്
മറവിയുടെ
നാരുകള്‍ കൊണ്ട്
മെനഞ്ഞെടുക്കാവുന്ന
ഒരേയൊരു
കളിപ്പാട്ടമാണ്
മുറിവ്.............
നഷ്ടങ്ങളെ
മാത്രം
വിളമ്പിത്തരുന്ന
മുറിവ്...!!!!