Thursday 2 June 2011

മുതലകള്‍ക്കു വേണ്ടി

മുതലകള്‍ക്കു വേണ്ടി


കാറ്റേ നീ മൃദുവായി തഴുകരുത്
                                                  മരച്ചില്ലകളെ,പൂവുകളെ.........
ചുഴറ്റി എറിയുക വേണമെങ്കില്‍
വേട്ടയാടപ്പെട്ട ചിറകുകളാല്‍.........

പാതി തുറന്ന ജാലകച്ചില്ലുകളില്‍
തട്ടരുത് വെറുതെ.......
ജാലകക്കാഴ്ച്ചകളുടെ പാതി മരണം,
വിങ്ങലുകള്‍ വെളിപ്പെടുത്തുന്ന
പങ്കകളുടെ മുരള്‍ച്ച,
ആറ്റങ്ങളുടെ കല്ലറകളിലെ 
 ശവംനാറി പൂക്കളുടെ കടുത്ത വര്‍ണ്ണം,
പാലപ്പുവിന്‍ മദഗന്ധം നുകരാത്ത
സീരിയല്‍യക്ഷികള്‍,
തൊടി നനയ്ക്കാന്‍ കണ്ണീരു തേടുന്ന
കഴുകന്റെ ചിരി,
പതിനൊന്നാം ഗ്രഹത്തിലും
കിട്ടാതെ പോവുന്ന കുപ്പിവെള്ളം...
ഒക്കെ നിന്നെ പേടിപ്പിച്ചാലോ?
സ്വപ്നങ്ങളുടെ ചിലമ്പൊലിക്കു കാതോര്‍ത്തു
നീയുറങ്ങരുത് ശാന്തമായി....
പ്ലാസ്റ്റിക് പൂക്കൂടയിലെ
നരച്ച ചിരിച്ചന്തങ്ങള്‍
നാവുവിറ്റവന്റെ അറുത്ത തലകളെ തേടുന്നു;
കാത്തു വയ്ക്കുക കാല്‍ച്ചോട്ടിലെ നിഴലിനെ;
തീ പൊഴിയും നട്ടുച്ചകളില്‍ നിനക്കാരുണ്ട് വേറെ?

ഒപ്പംചിരിച്ചാര്‍ത്തവരുടെ
പുതിയ ചിറകിന്‍ താളം നിന്നെ കരയിക്കരുത്
തിരികെ വരുമ്പോള്‍ അവര്‍ കൈ വീശുമെന്ന് കരുതരുത്
എല്ലാ സങ്കടങ്ങള്‍ക്കുമൊടുവില്‍
ആത്മഹത്യ ചെയ്യാന്‍ മറക്കരുത്...........
അല്ലെങ്കില്‍ എന്തുചെയ്യും മുതലകള്‍?!...................................