Saturday 8 November 2014

കവിത....വ്യാമോഹം

വ്യാമോഹം
----------------------

മഷിപ്പച്ചകൊണ്ട് മായിച്ചുകളയണം
കുന്നുകൂടിയ വര്‍ഷങ്ങളെ
നിലാവുകൊണ്ട്തുന്നിയ
കുഞ്ഞുടുപ്പിന്റെ
പഞ്ഞിച്ചിറകില്‍
പതുങ്ങിച്ചെന്നിരിയ്ക്കണം
ആരുമാരുമറിയാതെ....
.കളിത്തോണിതുഴഞ്ഞ .
ചോണനുറുമ്പുകളോട്
മുറ്റത്ത്
കടല്‍നെയ്യാന്‍ കൊതിച്ച
മഴനൂലുകളെക്കുറിച്ച്
വെറുതേ ചിലത് ചോദിച്ചറിയണം....
പീലിത്തുണ്ടുകള്‍ക്ക്
ഈറ്റുമുറിയൊരുക്കിയ
പുസ്തകക്കുട്ടികളെ
വരിക്കുനിര്‍ത്തി
ചോദ്യംചെയ്യണം.....
ഈണമൊക്കാതെപോയ
വരികളെ
ഈറക്കുഴലുകളുടെ
തടവുകാരാക്കണം....
പാതിവഴിയിലുപേക്ഷിച്ച
ചിലങ്കക്കിലുക്കത്തോട്‌
കാല്‍ തൊട്ടു
മാപ്പുപറയണം....
പാതിയെത്തിയ
മുത്തശ്ശിക്കഥയ്ക്കുമേല്‍
പാട്ടുപോലെവന്നുമൂടുന്ന
കുഞ്ഞുറക്കത്തെ
കൂട്ടിനുവിളിക്കണം
സ്നേഹത്തിന്‍റെ
നാനാര്‍ത്ഥങ്ങളില്‍
നോവെന്നുകൂടി
പറഞ്ഞു തരാന്‍ മടിച്ച
നിഘണ്ടുവിനോട്
നന്ദി പറയണം....
എത്രയടുക്കിവച്ചാലും
ഇളകിയിളകിവീഴുന്ന
താളുകളുള്ള
പുസ്തകമാണ്
ജീവിതമെന്ന്.....
തുഴഞ്ഞുതളരുമ്പോള്‍
കൈവിട്ടുകളയുന്ന
ആള്‍ക്കൂട്ടമാണ്
കുടുംബമെന്ന്....
ഒന്നുറക്കെ
വിളിച്ചുകൂവണം
പഴയപുഴയോരത്തെ
ഇനിയുംബാക്കിയായ
വെള്ളാരംകല്ലുകളോട്.....!!!

15 comments:

  1. വെറുതെയീ മോഹങ്ങളെ ന്നറിയുംബോലും വെറുതെ മോഹിക്കുവാന്‍ മോഹം

    ReplyDelete
  2. എത്രയടുക്കിവച്ചാലും
    ഇളകിയിളകിവീഴുന്ന
    താളുകളുള്ള
    പുസ്തകമാണ്
    ജീവിതമെന്ന്.....
    തുഴഞ്ഞുതളരുമ്പോള്‍
    കൈവിട്ടുകളയുന്ന
    ആള്‍ക്കൂട്ടമാണ്
    കുടുംബമെന്ന്....

    തിരിച്ചറിവുകള്‍ വേദനകളെ ലഘൂകരിക്കും.
    ഇഷ്ടായി.

    ReplyDelete
    Replies
    1. നന്ദി,നല്ല വാക്കുകള്‍ക്ക്

      Delete
  3. ഇനിയൊരു ജന്മം കിട്ടിയാല്‍ ചെയ്യാനുള്ളത് ഇന്നേ കരുതി വെച്ചേയ്ക്കണം....

    ReplyDelete
    Replies
    1. തീര്‍ച്ചയായും...വായനയ്ക്ക് നന്ദി

      Delete
  4. വായിച്ചു, ഇഷ്ടപ്പെട്ടു

    ReplyDelete
  5. ഇനിയും പറയുവാനേറെ ആശംസകള്‍ ട്ടോ

    ReplyDelete
  6. മഷിപ്പച്ചകൊണ്ട് മായിച്ചുകളയണം
    കുന്നുകൂടിയ വര്‍ഷങ്ങളെ.

    ReplyDelete
    Replies
    1. ഉം...മായിച്ചു കളയണം കീയക്കുട്ടീ......

      Delete
  7. തുഴഞ്ഞുതളരുമ്പോള്‍
    കൈവിട്ടുകളയുന്ന
    ആള്‍ക്കൂട്ടമാണ്
    കുടുംബമെന്ന്....ഽ///////
    എത്രയോ ശരി,,,,,

    ReplyDelete