Friday, 27 May 2011


കാലത്തിനു മുമ്പേ  ഓടുന്നവരോട് !

കാലം ഇങ്ങനെയാണ്
ശിശിരങ്ങള്‍  വസന്തങ്ങളിലേക്ക്
വഴുതി വീഴുന്നത്
വാടി വീണ ഇലകളെ
നെഞ്ചോട്‌ ചേര്‍ത്ത് വച്ചാണ് .........

വസന്തങ്ങള്‍ ഇല കൊഴിക്കുന്നത്‌
ഗ്രീഷ്മത്തിന്റെ ചൂളയില്‍ വേവുന്ന
ഒരു കുമ്പിള്‍ മധുരത്തിന്റെ
ഉള്‍ക്കാമ്പിലേക്കാണ്........... 

ഒരു വര്‍ഷതാണ്ഡവം 
കനല്‍   കോരിയിടുന്നത്
പുതുമുളയെ തടയുന്ന
വെയില്‍ ചട്ടയ്ക്കുമേലാണ്............

വേനല്‍കഴുകന്റെ  ചിറകിലേറി
പുഴജീവന്‍ പറക്കുന്നതു
മഴത്തൂവല്‍ കൊണ്ട്
മന്നിലൊരു കളിവീട് കെട്ടാനാണ്'...............

പിന്നെ എന്തിനാണ്
ശിശിര നൊമ്പരങ്ങളെ,
വസന്ത നഷ്ടങ്ങളെ,
പ്രളയച്ചുഴികളെ
ഓര്‍ത്തു വിലപിക്കുന്നത്?

പിന്നെയെന്തിനാണ്
നീളമില്ലാത്ത കാലുകളെ
കാലത്തിനു മുന്നിലേക്ക്‌
വെറുതെ നീട്ടി വെക്കുന്നതു...........!...? 

 ...ചിത്രം ഗൂഗിളില്‍ നിന്ന്....

Thursday, 26 May 2011

വൈകിയിട്ടില്ല

വൈകിയിട്ടില്ല 

വെളുത്ത ദൈവം
കറുത്ത കടലാസിൽ
വരച്ചുവലിച്ചെറിഞ്ഞ
ഒരു വലിയ നീലവര
കടല്‍!
 അധിനിവേശത്തിന്റെ 
ആദ്യ പാഠം..........!
 കറുത്ത ദൈവം
കീറത്തുണിയില്‍
നെടുവീര്‍പ്പിന്റെ
തൂവല്‍ കൊണ്ട്
വരച്ച കുന്നിക്കുരു
കര.....
 തിരയെപ്പേടിച്ചു
വെയില്‍പ്പാളങ്ങളിലൂടെ
ഓടിയോടി
മങ്ങിക്കെട്ട നിറക്കോലം....
 
ഒന്ന് തിരിഞ്ഞു നിന്നൂടേ
ഇനിയെങ്കിലും?.......

ഇലക്ഷൻ, ചുവർചിത്രം,പ്രസക്തി

ഇലക്ഷൻ
ഇരകൾ സ്വയം
  വേട്ടക്കാരനെ
തെരഞ്ഞെടുക്കും
ശുഭമുഹൂർത്തം!

ചുവർചിത്രം
ആത്മപ്രശംസയ്ക്കു പരിഹാരം
ആത്മഹത്യയെന്നയാപ്തവാക്യം
ആത്മഹത്യക്കൊരുങ്ങുന്നു
ചുവരിലെയാണിക്കൊമ്പിൽ!

പ്രസക്തി
കണ്ണീരിനു കാരിരുമ്പിൻറെ
ശക്തി
അതു
പുരുഷൻന്റെ
കണ്ണിൽനിന്നുതിരുമ്പൊഴാണ്.......!