Saturday 24 September 2011

അനാമിക യാചിക്കുന്നു.

അനാമിക യാചിക്കുന്നു.





ശാസ്ത്രമേ   നീ കണ്ടുവോ...
വിരല്‍ത്തുമ്പിലൂടെ  വഴുതിപ്പോയ
എന്റെ ഹൃദയത്തെ ?
        ശാസ്ത്രമേ..നീ തരുമോ...
        വേദനകളുടെ
        ഇരുട്ടിടിച്ചു പരത്തിച്ചുട്ട
        വേവിന്‍വെയില്‍പ്പാടഞൊറിയില്‍
        സാന്ത്വനത്തിന്റെ ഒരുതരി നിലാനീല?    
        പകല്‍ക്കനലുകള്‍ ചവച്ചു തുപ്പിയ
        നോവിന്‍ രാച്ചണ്ടിയില്‍
        ഇളവെയില്‍ താരാട്ടിന്റെ
        ഒരു കുമ്പിള്‍ ലഹരി ? 
വാക്ക് പിളര്‍ന്നു ചീറ്റുന്ന ചോരയില്‍
വക്കു പൊട്ടാത്തൊരു ചിരിച്ചിന്ത് ?
        നിനക്കാവുമോ നില മറന്ന നിറങ്ങളുടെ
        ഭ്രാന്ത വേഗങ്ങളില്‍
        ധവളിമയുടെ
       ഒറ്റ വര കോറിയിടാന്‍            
   ശ്രുതിഭംഗങ്ങളുടെ
  ഇഴച്ചാമ്പലില്‍
  ലയസാന്ദ്രതയുടെ
  ആര്‍ദ്ര നീലിമ പടര്‍ത്താന്‍ ?
തെറ്റിക്കവിളിന്‍ തീക്ഷ്ണഗരിമയില്‍
തുമ്പച്ചിരിവെണ്മയുടെ
മേഘപ്പട്ടു നീര്‍ത്താന്‍ ? 
  സ്നേഹത്തിന്‍റെകണക്കുപുസ്തകത്തില്‍
  പരന്നുമങ്ങിയ മഞ്ഞച്ചിരികളെ
  തേച്ചു കൂര്‍പ്പിക്കാന്‍?
മുഖവിലയ്ക്ക് വിറ്റ്‌ പോവാത്ത
എന്‍റെ പാവം സ്വപ്നങ്ങളെ
പാതിക്കിഴിവില്‍
കടമായിട്ടെങ്കിലും വിറ്റുതീര്‍ക്കാന്‍?
 നീ തിരയുമോ ....
തന്‍ വിത്ത്  താനെയുണ്ണുന്ന
കാല നാഗങ്ങള്‍ക്ക്
അച്ഛനെന്നല്ലാതെ മറ്റൊരു പേര്
            നിനക്കളക്കാമോ.......
            വറുതി ക്കനല്‍ കെടാതെ പെരുകിയ
             മുക്കല്ലടുപ്പില്‍                                                        
             പശി വേവ്നോക്കിനോക്കി                                              
             വെള്ളമത്രയുംവറ്റിയ മണ്‍കലമായ്‌
             ഉരുകിയൊലിക്കുന്നോരമ്മയുടെ
             ദ്രവണാങ്കം................?
       നീയൊരുക്കുമോ........
       ദൂരെ ദൂരെ വെള്ളം കാട്ടി
       ദൂരമത്രയുമോടിക്കും ദൈവത്തെ
       ഒറ്റവിരല്‍ചുറ്റളവില്‍
       തൊട്ടടയാളപ്പെടുത്താന്‍
       നിറംമങ്ങാത്ത ചായക്കൂട്ട്‌....?
            നീ കണ്ടെത്തുമോ.........
            സുപ്താവസ്ഥയില്‍
            അണലിയായമര്‍ന്ന്
            ഉണരുംതോറും ചുരുളഴിഞ്ഞ് 
            പഞ്ഞിക്കെട്ടില്‍ തലതിരുകിയ
            ഒറ്റത്തീപ്പൊരിപോലെ
            കാറ്റുതാളത്തില്‍ ഉറഞ്ഞാടി
            പാഴിലഞരമ്പുകളില്‍ആവേശിച്ച് 
            മൂര്‍ഖനായ്‌ പറന്നു കൊത്തുന്ന
            മുടിഞ്ഞ വിശപ്പിനൊരു മറുകൃതി ?................. 
    നിനക്കു ബാക്കിവയ്ക്കാനാവുമോ
    പകലറുതിക്കരിയോലയില്‍
    പണിക്കുറ്റംതീര്‍ന്നോരക്ഷരം ..........
     ചോക്കുപൊട്ടായുരഞ്ഞ്
     ഒടുങ്ങുന്നവള്‍ക്ക്
     അന്ത്യോദകമായെങ്കിലും ........?
           നീ വച്ചു നീട്ടുമോ.........
          
         തലച്ചോറിന്‍റെ കനകാനുപാതം തെറ്റിപ്പോയ
         മതിഭ്രമങ്ങളുടെ ബ്ലൂമിങ്ങില്‍
         കടലുമാകാശവുമാല്‍ത്തറയുംകൈവിട്ട
         കറുത്ത മീനുകളുടെ
         ബോണ്‍സായിക്കിനാക്കളിലേക്ക് ,
         ചിരി മിസൈലുകളില്‍
         അധിനിവേശവാണിഭമുനകൂര്‍പ്പിക്കുന്ന
         ഭീമ ഹോമോ ഹബിലിസുകള്‍ക്കുമുന്നില്‍
         കുറുകി മുരടിച്ച ആസ്ത്രലോപിത്തെക്കസുകള്‍ക്ക്
          അതിജീവനത്തിന്‍റെ ഒറ്റ ഹോര്‍മോണ്‍? ...............     .... മുളപ്പിക്കാനാവുമോ ...........  
തൂവല്‍മിനുപ്പുള്ള
അസ്ത്രവാലില്‍
മണ്ണുമണക്കു മീരിലയും
തളിര്‍നാമ്പും....?
ത്രികാലഗര്‍ഭധാരിയായോരന്തകാന്തക വിത്ത് ....?
         ശാസ്ത്രമേ നീ പതിച്ചുതരുമോ...........
         അനന്ത സമാന്തര പാളങ്ങളിലെ
         രോദനപ്പെരുക്കങ്ങളുടെ
         ദുരിതഭാണ്ഡങ്ങളില്‍
         രൌദ്ര നഖര മൂര്‍ച്ചയായി
         ലിംഗഭൂതങ്ങള്‍  കുടമുടച്ചുമേയുന്ന
         പെണ്‍വഴികളിലെയിരുളാഴങ്ങളില്‍
         സര്‍വം സംഹരിക്കാനൊരു  കണ്ണ്.......
              ഒരൊറ്റക്കണ്ണ്‍......      
              ഒരൊന്നാം കണ്ണ്............!


[സംസ്ഥാനതല പുരസ്കാരം  നേടിത്തന്ന  കവിത]

ചിത്രം ഗൂഗിളില്‍ നിന്ന്

41 comments:

  1. മുളപ്പിക്കാനാവുമോ ...........
    തൂവല്‍മിനുപ്പുള്ള
    അസ്ത്രവാലില്‍
    മണ്ണുമണക്കു മീരിലയും
    തളിര്‍നാമ്പും....?

    ReplyDelete
  2. കവിത നാലാവര്‍ത്തി വായിച്ചു ഞാന്‍
    ടീചെരുടെ എല്ലാ കവിതപോലെ തന്നെ ഇതും വാക്കുകളുടെ മൂര്‍ച്ച
    ഹൃദയത്തിലേക്ക് കേറുന്നു

    ReplyDelete
  3. നടുക്കുന്ന വര്‍ത്തമാന കാല യാഥാര്‍ത്യങ്ങളിലേക്ക് ഒരു വിരല്‍ ചൂണ്ടായി മാറുന്നുണ്ട് ടീച്ചറുടെ വരികള്‍....
    തൂലിക ഇനിയും മൂര്‍ച്ച കൂടട്ടെ....പ്രാര്‍ഥനയോടെ......

    ReplyDelete
  4. ശാസ്ത്രമേ നീ പതിച്ചുതരുമോ...........
    അനന്ത സമാന്തര പാളങ്ങളിലെ
    രോദനപ്പെരുക്കങ്ങളുടെ
    ദുരിതഭാണ്ഡങ്ങളില്‍
    രൌദ്ര നഖര മൂര്‍ച്ചയായി
    ലിംഗഭൂതങ്ങള്‍ കുടമുടച്ചുമേയുന്ന
    പെണ്‍വഴികളിലെയിരുളാഴങ്ങളില്‍
    സര്‍വം സംഹരിക്കാനൊരു കണ്ണ്.......

    ReplyDelete
  5. Valare nannayirikunnu...Valare nannayirikunnu...

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. "മുഖവിലയ്ക്ക് വിറ്റ്‌ പോവാത്ത
    എന്‍റെ പാവം സ്വപ്നങ്ങളെ
    പാതിക്കിഴിവില്‍
    കടമായിട്ടെങ്കിലും വിറ്റുതീര്‍ക്കാന്‍?"

    സ്വപ്നങ്ങൾ കരിഞ്ഞു പോയ കാലത്തിനു നേരെ ഒരു ചൂണ്ടുവിരൽ.........
    മനോഹരം

    ReplyDelete
  8. ആദ്യമേ സമ്മാനം ലഭിച്ച കവിതക്കും കവയത്രിക്കും ആശംസ.

    വര്‍ത്തമാന പത്രത്താളുകളിലൂടെ കണ്ണയക്കുമ്പോള്‍ അറിയുന്ന ഞടുക്കന്ന ഓര്‍മ്മകളില്‍ നിന്നും മുക്തമാവാനാവാത്ത ഭയാശങ്കയെ വരികളില്‍ പലതിലും ഞാനുമനുഭവിക്കുന്നു. അത്രമേല്‍ ഭീതിതമാണ് 'ശാസ്ത്ര'നേട്ടങ്ങളില്‍ മേനി നടിക്കുന്ന ആധുനിക മനുഷ്യ ലോകം. ആത്മാവിനെ വഴിയുലുപേക്ഷിച്ച് കേവലമൊരുടലായി മാറിയ മര്‍ത്യന്റെ, നിരന്തരം അവനവനത്തന്നെ കബളിപ്പിക്കുന്ന മിന്നുന്ന മേലങ്കിയഴിക്കാന്‍, ഒരു പ്രാര്‍ത്ഥന പോലെ അപേക്ഷിക്കുന്ന ഒരു മനസ്സിനെയും ഞാനറിയുന്നു.

    അച്ഛനാല്‍ മാനം നശിപ്പിക്കപ്പെടുന്ന പെണ്‍മക്കളുടെ അമ്മമാരുടെ വേവിനെ അതിന്റെ ചൂടിനെ കണ്ണുനീരിനെ എനിക്കറിയാനാകുന്നു. അന്തക വിത്തിനാല്‍ സദ്യവട്ടത്തിനൊരുങ്ങുന്ന പുതിയ കാലത്ത് നാളേക്ക് കരുതേണ്ട നന്മയുടെ വിത്തിനേയും വിണ്ണില്‍ നിന്നുമകറ്റുന്നു. സ്വപങ്ങള്‍ക്ക് പോലും പേറ്റന്റ് ആവശ്യപ്പെടുന്ന കമ്പോളങ്ങളില്‍ പതിത കോടികള്‍ അരക്ഷിതരാകുന്നു. ഹോ..!! നീതി ശാസ്ത്രമേ നീയുമില്ലെന്നോ..??

    ടീച്ചര്‍ക്ക് നന്മകള്‍..!!

    ReplyDelete
  9. അതിമനോഹരമായ ഒരു വാഗ്മയ ചിത്രം.. ദുഷിച്ചു നാറിയ സാമൂഹ്യ വ്യവസ്ഥിതിയുടെ നെഞ്ചകം തുളക്കുന്ന മൂര്‍ച്ചയേറിയ വരികള്‍.. ചടുലമായ ശൈലി... ഇനിയും കവിതകള്‍ പ്രതീക്ഷിക്കുന്നു.. നസീമ ടീച്ചര്‍ക്ക്‌ ഒരായിരം അഭിനന്ദനങ്ങള്‍.

    ReplyDelete
  10. കവിത നന്നായിരിക്കുന്നു ടീച്ചര്‍... മൂര്‍ച്ചയേറിയ വരികള്‍. ഇഷ്ടായി

    ReplyDelete
  11. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ...
    കവിത ഒരുപാടിഷ്ടായി...

    ReplyDelete
  12. എഴുത്തിന്‍റെ വഴികളില്‍ എന്നില്‍ പ്രതീക്ഷ നിറയ്ക്കുന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  13. എത്തുവാന്‍ അല്പം വൈകി ഞാനെങ്കിലും
    കത്തി ജ്ജ്വലിക്കുന്നൊരു കവിത കണ്ടു !
    ആശംസകള്‍ !!

    ReplyDelete
  14. പ്രിയപ്പെട്ട നസീമ,
    വളരെ ശക്തിയേറിയ വാക്കുകള്‍...
    പ്രതികരണം വളരെ മൂര്‍ച്ചയോടെ...
    അഭിനന്ദനങ്ങള്‍ !
    നന്മയുടെ ഒരു കിരണം എവിടെയെങ്കിലും കാണും!കാണണം!

    സസ്നേഹം,
    അനു

    ReplyDelete
  15. ടീച്ചര്‍ ,,,സമ്മാനാര്‍ഹമായ ഒരു കവിത എന്നെ പോലുള്ള ഒരുവന്‍ നന്നായി എന്ന് പറഞ്ഞാല്‍ അതൊരു അതികപ്പറ്റ്വും !! എന്നാലും പറയാതെവയ്യ ,,ഇഷ്ടായി ഒരു പാട് !!!

    ReplyDelete
  16. നല്ല കവിത. വീണ്ടും വായിക്കുവാന്‍ തോന്നിപ്പിച്ചു.
    എല്ലാം നേടി എന്നഹങ്കരിക്കുന്ന മനുഷ്യന് അവസാനം മിച്ചമാകുന്നത് എന്ത് ? എന്ന ചോദ്യം.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  17. ്‌നല്ല രചന
    വാക്കുകളുടെ വഴക്കം പരിചിതമായിരിക്കുന്നു
    വായനക്കാരനെന്ന എളിയ നിലയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടു ട്ടോ..

    ReplyDelete
  18. പ്രിയപ്പെട്ട ടീച്ചര്‍,
    കവിതകള്‍ വായിച്ചു.സന്തോഷം തോന്നി.ധാരാളമായി എഴുതൂ.അംഗീകാരങ്ങള്‍ ഇനിയും തേടിയെത്തട്ടെ.
    സ്നേഹത്തോടെ,
    സുസ്മേഷ്.

    ReplyDelete
  19. Sharp words reach the heart....
    wound marks of the time....
    Who s there to heal....
    Let us pray for a savior

    ReplyDelete
  20. യഥാര്‍ത്ഥത്തില്‍ നാം ഒന്നും നേടുന്നില്ലല്ലോ; ഈ ചിന്തയോടെ തന്നെ കവിത വളരെ ഇഷ്ടായി.
    http://surumah.blogspot.com

    ReplyDelete
  21. നല്ല ചിന്താ ശേഷിയുള്ള വരികള്‍ ....ഇഷ്ടമായി ടീച്ചറെ ...ഇനിയും എഴുതുക .....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  22. വളരെ ശക്തിയേറിയ വാക്കുകളായതിനാല്‍ നിക്ക് ഒന്ന് രണ്ടാവര്ത്തി വായിച്ചു നോക്കണ്ടാതായിവന്നു ...മനസ്സിലായി വന്നപ്പോള്‍ മറുപടി പറയാന്‍ ഞാന്‍ ആളല്ല അഭിനന്ദനങ്ങള്‍ ...

    ReplyDelete
  23. പോസ്റ്റ്‌ വായിച്ചവര്‍ക്ക് അഭിപ്രായം അറിയിച്ചവര്‍ക്ക് സ്നേഹാദരങ്ങള്‍....

    ReplyDelete
  24. മനോഹരം ....എല്ലാവിദ ആശംസകളും നേരുന്നു .

    ReplyDelete
  25. എഴുത്ത് വളരെ ഇഷ്ടായി

    ReplyDelete
  26. നല്ല രസമുണ്ട് വായിക്കാന്‍ ....സമ്മാനം കിട്ടിയിട്ടുണ്ട് അല്ലെ ...അഭിനന്ദനങ്ങള്‍ ......

    ReplyDelete
  27. അനാമിക,
    മൂര്‍ച്ചയുള്ള വരികളിലൂടെ കുറേ ആവൃത്തി കടന്നു പോയി. (ആദ്യമൊന്നും ദഹനം ശരിയായില്ല.. )

    കവിതയുടെ തുടക്കത്തില്‍ കൊടുത്തിട്ടുള്ള ചിത്രം വല്ലാത്തൊരു അസ്വസ്ഥത സൃഷ്ടിക്കുന്നു.
    ഈ വിജനതയും, ഏകാന്തതയും, കറുത്തിരുണ്ട ആകാശവും.....ഹൊ, ഭ്രാന്തമാണീ ചിത്രം.

    കവിത ഒരുപക്ഷേ, ഇനിയും എനിക്ക്‌ ദഹിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  28. .ഹൊ, ഭ്രാന്തമാണീ ചിത്രം. ഗംഭീരം ...മനോഹരം

    ReplyDelete
  29. കവിത നന്നായിരിക്കുന്നു ടീച്ചര്‍...
    ശക്തിയുള്ള വാക്കുകള്‍ മനസ്സിലാക്കിയെടുക്കാന്‍ ഒരല്പം വിഷമിച്ചു...
    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...

    ReplyDelete
  30. നല്ല കവിത. വിശപ്പും മനസ്സും ശാസ്ത്രയുക്തിക്കപ്പുറത്താണെന്നും ചോര ചീറ്റുന്നത് ശസ്ത്രക്രിയ ചെയ്യുമ്പോഴല്ല വാക്കുപിളരുമ്പോഴാണെന്നും വാക്ക് പിളരുന്നത് വികാരങ്ങള്‍ കൊണ്ടാണെന്ന് അതായത് പിളരുന്നത് മനസ്സാനെന്നും കവിത പറയുന്നു. അതിവൈകാരികമായതാണു മനുഷ്യ ഹൃദയമെന്നും കവിത പറയുന്നു. പുഴകള്‍ക്ക് ചില പ്രദേശങ്ങളില്‍ ഒഴുക്ക കുറയും. അവിടെ വെള്ളത്തിനു ആഴം കൂടും. അത് കവിതയ്ക്കും സംഭവിക്കുന്നു. ചരിത്രത്തെ കവിതയില്‍ എഴുതുക എന്നതും ചരിത്രം കവിതയില്‍ എഴുതുക എന്നതും രണ്ടാണ്. ചരിത്രം പലപ്പോഴും ഗ്രിഹാതുരവും കൂടിയാവുന്നു. മനുഷ്യ സമുദായത്തിന്‍റെ ചരിത്രത്തില്‍നിന്ന് കവിത ചിലകാര്യങ്ങള്‍ ഉദ്ധരിക്കുന്നത് ഗ്രിഹാതുരമായല്ല എന്നത് ഈ കവിതയെ വ്യത്യസ്തമാക്കുന്നു.

    ReplyDelete
  31. ഈ ശക്തമായ കവിത കാണാൻ താമസിച്ചുപോയി. സമ്മാനം കിട്ടാൻ തികച്ചും യോഗ്യമായ ആശയം തന്നെ. അനുമോദനങ്ങൾ.....

    ReplyDelete
  32. എന്റയ്യോ....ഉഗ്രന്‍,അത്യുഗ്രന്‍. ..കൊള്ളാം .നല്ല ആശയം .ഒപ്പം അവതരണവും .ആശംസകള്‍ .നന്ദിയും .

    ReplyDelete
  33. നന്നായിരിക്കുന്നു .
    സംഖര്‍ഷഭരിതമായ വാക്കുകളും വരികളും .
    കവിയായിരിക്കാന്‍ വലിയ പാടാണല്ലേ?
    അനുഭവിക്കതന്നെ .അല്ലാതെന്തുചെയ്യാന്‍ ?

    ReplyDelete