Friday 2 March 2012

രണ്ട് എന്‍ഡോസള്‍ഫാന്‍ കവിതകള്‍

രണ്ട് എന്‍ഡോസള്‍ഫാന്‍  കവിതകള്‍

എന്തോ .......സള്‍ഫാന്‍ ?


സൈനബാ...................,
നീ മരിച്ചു ജീവിച്ചതും
ജീവനില്ലാതെ മരിച്ചതും
ഞങ്ങള്‍ക്കറിയില്ല ....!
നീ അധിനിവേശത്തിന്‍റെ
രക്തസാക്ഷിയല്ല ...!
ഞങ്ങള്‍ ഇരന്നുവാങ്ങിയ
അടിമത്തത്തിന്റെ
അഗ്നിരേഖയുമല്ല...!
ഞങ്ങള്‍ സമ്മതിക്കില്ല....
 ഇരവും പകലും
തിരിച്ചറിയാതെ
മൂകവേദനയില്‍
നീ ഉരുകിയൊലിച്ചത്
ഞങ്ങളുടെ കുറ്റമല്ല......

ഒരാകാശത്തുമ്പിയും
നിനക്കുമേല്‍ ഇരുട്ട്
വര്‍ഷിച്ചിട്ടില്ല ...
ഒരു രാജപീഠവും
നിനക്കുനീതി  നിഷേധിച്ചിട്ടില്ല.....!

നിനക്കു തരാനാവുമോ
എന്തെങ്കിലും തെളിവ്,
ഞങ്ങള്‍ നിനക്കിരുട്ടു
വിളമ്പിയെന്നു ബോദ്ധ്യപ്പെടുത്താന്‍ ?

 ഇന്നലെ രാത്രിയായിരുന്നു
എന്നതിന്
പകലിന്‍റെകയ്യില്‍
എന്തുണ്ട് തെളിവ് ?..........
-----------------------------------------------
---------------------------------------------------

ഇരയുടെ പാട്ട്

എന്‍ഡോസള്‍ഫാന്‍ നിയമം മൂലം നിരോധിച്ചു .കണ്ണടച്ച് ഇരുട്ടാക്കി ദുരന്തം വിതച്ച് ലാഭം കൊയ്തവര്‍ക്ക് മുന്നില്‍ ഇരകള്‍ ഇപ്പോഴും ബാക്കി .....................
    വേട്ടയാടപ്പെട്ടവര്‍ ഞങ്ങള്‍
കാട്ടുനീതിക്കടിപ്പെട്ടു പോയോര്‍
നോക്കുകുത്തിയായ്‌ കാലഭേദങ്ങള്‍
കെട്ടകാലക്കണക്ക് കുറിക്കവേ
മരണവേദം മനപ്പാഠമാക്കി
നരകവേദനയ്ക്കുപ്പു നോക്കിയോര്‍ ...
തിരികെ നടക്കുവാനില്ല പാദങ്ങള്‍
കടലെടുത്തു പോയിടവഴികളും .....

കൊടിയകുന്നിന്‍ വ്രണിതശാഖിയില്‍
കുരലറുത്തിട്ട കിളി വീണു പിടയുന്നു
 ഇറ്റ്‌ ചോരയ്ക്കുമേല്‍ രണഭേരി പൊങ്ങുന്നു
ഉറ്റുനോക്കുന്ന മിഴികളോ കത്തുന്നു ...
വിചിത്രരൂപികള്‍ ഞങ്ങളുഴറുന്നു
ഒച്ചയുറഞ്ഞുപരുത്ത തൊണ്ടകള്‍
ചത്തവിളികളില്‍ വെന്തു നീറുന്നു..
കാറ്റ്കേറിക്കുതിച്ചുവീര്‍പ്പിച്ച
പെരുംതലകളില്‍ നോവുനുരകുത്തുന്നു
പ്രജ്ഞയറ്റ കരചരണങ്ങളില്‍
പൊറുക്കാവ്രണങ്ങള്‍ പുഴുക്കൂട്‌ കെട്ടുന്നു
കുലവേരും ചീയുന്ന കെട്ടഗന്ധത്തില്‍
മുടിനാരുപോലും മൂക്ക് പൊത്തുന്നു.......!  
              കാകോളമിറ്റിയകുടിനീരിനുള്ളി-
              ലൊരുമീനുപോലും തുടിക്കാതെയായി
              തേനിറ്റിയ മലകളുടെ മധുരശൃംഗങ്ങളില്‍
              പൂക്കാലമെല്ലാം ശിലാബിംബമായി
              അരുമയായമ്മചുണ്ടിലിറ്റിച്ചു കരുതി-
               യോമനിച്ചോരുകിളിക്കുഞ്ഞിന്‍
               പിളര്‍ന്ന ചുണ്ടിലൂടകലുന്നു പ്രാണന്‍
               മുലപ്പാലിലും വിഷപ്പല്ലു തീണ്ടേ......!                                                                                                                       
                ചത്തപൈതലിന്‍ചോരപ്പുളപ്പില്‍
                 കംസനിപ്പോഴുമായുസ്സു കൂട്ടുന്നു......!
കരിമേഘജാലം കടുംതുടി കൊട്ടും
കരാള രാവിന്‍  ചുഴിച്ചാലുകളില്‍
ഉഷ്ണകുംഭം തിളച്ചു തൂവുന്ന
തീപ്പകലിന്‍ കൊടും കാളിമയില്‍
ചോരതുപ്പിക്കതിരവന്‍ മുങ്ങി -
പ്പിടഞ്ഞ്  ഒടുങ്ങുന്ന സായന്തനങ്ങളില്‍
ഉദയം വറ്റിയ വന്ധ്യ പ്രഭാതങ്ങളില്‍
ധര്‍മമധര്‍മത്തിന്‍ ചവിട്ടടിയേറ്റു
  വിളക്കുകെട്ട ദുരന്തപര്‍വങ്ങളില്‍
ചിതലെടുത്ത പഴയ ഗാണ്‍ഡീവമനാഥ മാകുന്നു
അശ്വത്ഥാമാ പിന്നെയും ചിരിക്കുന്നു.!
നിണച്ചെണ്ടകളിലിരുതലവാളുകള്‍
കാതടപ്പിച്ചു പാണ്ടിമേളം മുഴക്കെ
വേട്ടക്കാരനിരയെത്തിന്നുന്ന
യുദ്ധകാണ്ഡത്തിന്നാഴച്ചുഴികളില്‍
വിലാപങ്ങള്‍ കരതല്ലിയാര്‍ക്കുന്ന
നിരാലംബ പഞ്ചനദങ്ങളില്‍
കറുപ്പു പിന്നെയും കറുത്തുകല്ലിച്ച
നോവിന്‍റെ മണ്‍കുടീരങ്ങളിലുയരുന്നു
നിലയ്ക്കാതമ്മക്കരച്ചിലുകള്‍.........
ഒടുക്കമറ്റൊരമ്മക്കരച്ചിലുകള്‍
താഴിട്ട കാതിന്‍ വാതിലില്‍  തട്ടി
ത്തട്ടി മറുവിളി കിട്ടാതെയുഴറെ
ഇരുള്‍വിത്തു പാകി പകനീരുവീഴ്ത്തി-
പ്പടുമുളയ്ക്കായ്  നിങ്ങള്‍ പതിയിരിക്കുന്നു ......
     ഇരുളുമൂടിയ ലോകത്തു നിന്നു
     വ്യഥിതര്‍ ഞങ്ങള്‍ പരിതപിക്കുമ്പോള്‍
     അറിയില്ല നിങ്ങളാഡംബരഭ്രമ 
            വിഭ്രമങ്ങളില്‍അടി തെറ്റി വീണോര്‍.......
 ശപിക്കാതിരിക്കാം ഇനിവരും ജന്മ
 ത്തിലിവിടെ നിങ്ങള്‍  ജനിക്കാതിരിക്കാന്‍
ശപിക്കാതിരിക്കാംഇനിവരും ജന്മത്തില്‍
ഞാങ്ങളായ്‌ നിങ്ങള്‍ പിറക്കാതിരിക്കാന്‍...........


     

15 comments:

  1. ശപിക്കാതിരിക്കാം ഇനിവരും ജന്മ
    ത്തിലിവിടെ നിങ്ങള്‍ ജനിക്കാതിരിക്കാന്‍
    ശപിക്കാതിരിക്കാം ഇനിവരും ജന്മത്തില്‍
    ഞാങ്ങളായ്‌ നിങ്ങള്‍ പിറക്കാതിരിക്കാന്‍...........
    good lines, very nice poem

    ReplyDelete
  2. കൊടിയകുന്നിന്‍ വ്രണിതശാഖിയില്‍
    കുരലറുത്തിട്ട കിളി വീണു പിടയുന്നു
    ഇറ്റ്‌ ചോരയ്ക്കുമേല്‍ രണഭേരി പൊങ്ങുന്നു
    ഉറ്റുനോക്കുന്ന മിഴികളോ കത്തുന്നു ...
    വിചിത്രരൂപികള്‍ ഞങ്ങളുഴറുന്നു
    ഒച്ചയുറഞ്ഞുപരുത്ത തൊണ്ടകള്‍
    ചത്തവിളികളില്‍ വെന്തു നീറുന്നു..

    കവിത നന്നായി, ഒന്നുകൂടി ചുരുക്കിയാൽ സംഗതി വായന സുഖം നൽകില്ലെ എന്നൊരു തോന്നൽ മറച്ച് വെക്കുന്നുമില്ല

    ReplyDelete
    Replies
    1. തീര്‍ച്ചയായും ഇനി ശ്രദ്ധിക്കാം

      Delete
  3. "ശപിക്കാതിരിക്കാം ഇനിവരും ജന്മ
    ത്തിലിവിടെ നിങ്ങള്‍ ജനിക്കാതിരിക്കാന്‍ "

    കവിത നന്നായി അനാമിക...

    ReplyDelete
  4. നല്ല വരികള്‍ ഈ വിഷത്തിന്റെ വിപത്ത് വിതച്ച നാട്ടില്‍ നിന്നും ആണ് ഞാന്‍ ...പിന്നെ പറയേണ്ടല്ലോ

    ReplyDelete
    Replies
    1. ഒരു ദേശത്തിന്റെ ദുരവസ്ഥ ഞാനറിയുന്നു .വായിച്ചതിനു നന്ദി

      Delete
  5. നിരായുദന്‍റെയും നിഷ്കളങ്കന്റെയും മേലെ ഉള്ള കടന്നു കയറ്റമായിരുന്നു അതിനു ഭരണ കൂട കൂട്ടി കൊടുപ്പുക്കാര്‍ ഓശാന പാടി കൊടുത്തെങ്കിലും അതിനെ എല്ലാം തകര്‍ത്ത് എറിയാന്‍ ജനങ്ങള്‍ക്ക് ആയി അതെ കാട്ടാള പക്ഷത്തോടുള്ള ജനകീയ മുന്നേറ്റം തന്നെ ആയിരുന്നു നാം നടത്തിയത് അതില്‍ നാം വിജയം കണ്ടു നമ്മുടെ നിഷ്കളങ്കത ജീവിച്ചിരിക്കുന്നതും മരിച്ചതുമായ കുറെ രക്ത സാക്ഷികളെ നമുക്ക് നല്‍കി
    ശക്തമായ ആശയം അവതരണം

    ReplyDelete
  6. ഞാനും എന്‍ഡോസള്‍ഫാന്‍ -നെ കുറിച്ച് ഒരു കവിതയെഴുതി.ഇതിന്റെ മുന്നില്‍ അത് ഒന്നുമല്ല .അണ്ണന്‍ കുഞ്ഞിനും തന്നാലായത് .അത്രതന്നെ .നല്ല വരികള്‍ ,ഒപ്പം നല്ല ബിംബകല്‍പ്പന ,ഒഴുക്ക് ഞാന്‍ പറയാന്‍ ആളല്ല ടീച്ചര്‍ .ആശംസകള്‍ .ഒപ്പം ടീച്ചറുടെ അനുഗ്രഹങ്ങള്‍ ഈ പുതുനാമ്പിനും ഉണ്ടാകണം .

    ReplyDelete
  7. ചത്തപൈതലിന്‍ചോരപ്പുളപ്പില്‍
    കംസനിപ്പോഴുമായുസ്സു കൂട്ടുന്നു.
    Beautiful and to the point congrats
    rskurup

    ReplyDelete
  8. കാട്ടാളന്റെ കരളിലും നോവ്‌ പടര്‍ത്തുന്ന
    കൂരമ്പ്‌ പോലെയീ വരികള്‍ ....
    ജനിച്ചു പോയത് ജീവിച്ചു തീര്‍ക്കുന്ന
    സഹ ജീവികളുടെ നൊവേറ്റു പാടട്ടെ
    ഇടറുന്നു സ്വരമെങ്കിലും ..
    ഈ വാക്കിന്റെ ചില്ല് ചീളുകല്‍ക്കൊപ്പം ....

    ശക്തമാണ് ടീച്ചര്‍ നിങ്ങളുടെ വാക്കുകള്‍ ......
    ഇനിയുമിനിയും പ്രതീക്ഷ നല്‍കുന്ന
    കനലെരിയുന്ന വാക്കുകള്‍ക്കു
    ആയിരം ആശംസകള്‍ ...............!!

    ReplyDelete